മുണ്ടക്കൈ പുനരധിവാസ ടൗൺഷിപ്പിലെ വീടുകൾ ഉറപ്പും ബലവും ഗുണമേന്മയും ഉറപ്പാക്കി നിർമ്മിക്കുന്നതായി സർക്കാർ.

വയനാട്: ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് മുണ്ടക്കൈ പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നതെന്ന് സർക്കാർ. ബ്രാൻഡഡ് കമ്പനികളുടെ വാറന്റിയുള്ള സാധനസാമഗ്രികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായ മാതൃക വീടിൻ്റെ സവിശേഷതകളിൽ പ്രധാനം ബലവത്തും ഈടുനിൽക്കുന്നതുമായ ആർസിസി (റീഇൻഫോഴ്‌സ്ഡ് സിമന്റ് കോൺക്രീറ്റ്) ഫ്രെയിം ചെയ്ത ഘടനയാണെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിൽ വിശദീകരിക്കുന്നു.

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയർ ഭിത്തികൾ, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചുവരുകൾക്ക് സോളിഡ് ബ്ലോക്ക് ഉപയോഗിച്ചുള്ള പ്രവൃത്തിയാണ് നടത്തിയത്. 12 മില്ലീമീറ്റർ കട്ടിയുള്ള സിമന്റ് മോർട്ടാറിൽ 1:4 അളവിൽ മതിൽ പ്ലാസ്റ്ററിംഗും 9 മില്ലീമീറ്റർ കട്ടിയുള്ള സിമന്റ് മോർട്ടാറിൽ 1:3 അളവിൽ സീലിംഗ് പ്ലാസ്റ്ററിംഗുമാണ് ചെയ്തിരിക്കുന്നത്.

അടുക്കളയുടെ മേൽഭാഗത്തെ സ്റ്റോറേജിന് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡും, കബോർഡുകൾക്ക് പിയു പെയിന്റ് ചെയ്ത ഹൈ ഡെൻസിറ്റി മൾട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്. 20 വർഷം വാറന്റിയുള്ള യുപിവിസി ജനലുകളാണ് വീടിനുള്ളത്. അടുക്കളയിലും വർക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റും സിറ്റ്ഔട്ടിലും പടികളിലും ഗ്രാനൈറ്റ് പാകിയിട്ടുണ്ടെന്നും പബ്ലിക് റിലേഷൻ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ പറ?ുന്നു.

തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആർപി (ഫൈബർഗ്ലാസ് റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്) വാതിലിന് 10 വർഷത്തെ വാറന്റിയുണ്ട്. ശുചിമുറിയിലെ ടൈലിംഗിന് കജാരിയ കമ്പനിയുടെ ടൈലുകൾ, ട്രസ് പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീൽ ട്യൂബുകൾ, ഏഷ്യൻ പെയിന്റ്സിന്റെ പെയിന്റ് (7 വർഷം വാറന്റി), കിറ്റ്പ്ലൈയുടെ മറൈൻ ഗ്രേഡ് വുഡ് ഫിനിഷ് ഫ്ലഷ് ഡോർ (5 വർഷം വാറന്റി), ഗോദ്‌റെജിന്റെ പൂട്ട്, ടാറ്റ പ്രവേശിന്റെ സ്റ്റീൽ വാതിൽ (5 വർഷം വാറന്റി), സെറയുടെ ശുചിമുറി ഉത്പന്നങ്ങൾ (10 വർഷം വാറന്റി), അടുക്കളയ്ക്കും വാഷ്ബേസിനും സെറയുടെ സിങ്ക് (10 വർഷം വാറന്റി), വി-ഗാർഡ് വയറിംഗ് കേബിളുകൾ, എം.കെ. സ്വിച്ചുകൾ, ഹാവൽസിന്റെ ഫാനുകൾ, എൽ & ടിയുടെ സർക്യൂട്ട് ബ്രേക്കറുകൾ, ഫിലിപ്സിന്റെ ലൈറ്റുകൾ, ഹെൻസലിന്റെ മീറ്റർ ബോർഡ് എന്നിങ്ങനെ മുഴുവനും ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണി തീരുന്ന വീടിന് ഭാവിയിൽ ഇരുനില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്. രണ്ട് കിടപ്പുമുറി മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് മാതൃക വീട്ടിൽ പൂർത്തിയായിട്ടുള്ളതെന്നും വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.