കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തെ തുടർന്ന് കുവൈത്ത് എയർവേയ്സ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.
കമ്പനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ റദ്ദാക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ അവരുടെ ബുക്കിംഗിൽ നൽകിയിട്ടുള്ള ബന്ധപ്പെടൽ വിവരങ്ങളിലൂടെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്സിന്‍റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.
അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.
ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.


