കാലിഫോർണിയയിൽ നവംബർ 18 നാണ് അൻമോലിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്

വാഷിംഗ്ടൺ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരൻ അന്‍മോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം പാളുമോ എന്ന് സംശയം. അമേരിക്കയിൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അന്‍മോൽ, അമേരിക്കയിൽ അഭയം തേടാനുള്ള നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിൽ കഴിയുന്ന അൻമോലെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ മുംബൈ പൊലീസ് സജീവമാക്കിയതിന് പിന്നാലെയാണ് ഇയാൾ, അമേരിക്കയിൽ അഭയം തേടാന്‍ ശ്രമം ശക്തമാക്കിയത്. ഇതിനായി അഭിഭാഷകന്‍ വഴി അപേക്ഷ നല്‍കിയെന്ന റിപ്പോർട്ടുകളടക്കം പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽപ്പെടുത്തിയ അൻമോൾ ബിഷ്ണോയ് യുഎസിൽ പിടിയില്‍

മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി (അജിത് പവാർ വിഭാഗം) നേതാവുമായ ബാബ സിദ്ദിഖിയെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയ കേസിലും 2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ കൊലപാതക കേസിലും ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാൻ്റെ മുംബൈ വസതിക്ക് പുറത്ത് നടന്ന വെടിവെയ്‌പ്പ് കേസിലുമുൾപ്പെടെ നിരവധി പ്രമാദമായ കേസുകളിലെയും പ്രതിയാണ് അൻമോൽ ബിഷ്‌ണോയി. കാലിഫോർണിയയിൽ നവംബർ 18 നാണ് അൻമോലിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ആദ്യം മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് ഇയാളെ യു എസിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി അൻമോൽ ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇൻ്റർപോളാകട്ടെ അൻമോൽ ബിഷ്‌ണോയിക്കായി റെഡ് കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ മാസം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അൻമോൽ ബിഷ്‌ണോയിയെ ഉൾപ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അൻമോൽ കാലിഫോർണിയയിൽ നവംബർ 18 ന് പിടിയിലായത്.