പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ചതിന് സ്വവര്‍ഗാനുരാഗികളെ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ലണ്ടന്‍: പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ചതിന് സ്വവര്‍ഗാനുരാഗികളെ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഒരു സംഘം പുരുഷന്മാര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതികള്‍ പറയുന്നത്.
ലണ്ടന്‍ നഗരത്തിലാണ് സംഭവം. ഉറുഗ്വേ സ്വദേശിയായ മെലാനിയ ഗെയ്‌മോനറ്റ്, അമേരിക്കന്‍ സ്വദേശി ക്രിസ് എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. തങ്ങള്‍ പ്രണയിനികളാണെന്ന് മനസ്സിലാക്കിയ ബസ് യാത്രക്കാരില്‍ ചിലര്‍ മോശമായി പെരുമാറുകയായിരുന്നെന്ന് മെലാനിയ പറയുന്നു. തങ്ങള്‍ക്ക് ചുറ്റുംകൂടിനിന്ന് അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടര്‍ന്നാണ് തങ്ങളോട് ചുംബിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ക്ക് കണ്ട് ആസ്വദിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും മെലാനിയ പറയുന്നു.
ആവശ്യം നിരസിച്ചതോടെ അവര്‍ ദേഹോപദ്രവം തുടങ്ങി. മര്‍ദ്ദനമേറ്റ് മെലാനിയയുടെ മൂക്കിന് സാരമായി പരിക്കേറ്റു. ക്രിസിനെ ചുറ്റുംകൂടി നിന്ന് അവര്‍ തല്ലിച്ചതച്ചു. ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിലാണ് അവരുടെയിടയില്‍ നിന്ന് തങ്ങള്‍ താഴേക്കിറങ്ങിയത്. പിന്നീട് പൊലീസിന്റെ സഹായം തേടിയെന്നും മെലാനിയ പറയുന്നു. തങ്ങളുടെ പക്കല്‍ നിന്ന് അക്രമികള്‍ പണവും മറ്റും അപഹരിച്ചതായും യുവതികള്‍ ആരോപിക്കുന്നു.
