ഹാൻ്റ വൈറസിൻ്റെ പിടിയിൽ അകപ്പെട്ട വയോധിക ദമ്പതികൾ നൊമ്പരമാകുന്നു. പക്ഷിനിരീക്ഷണത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ഇറങ്ങിയ ലിയോ ഷിൽപെറൂർഡും ഭാര്യ മിർജാം ഷിൽപെറൂർഡും ആണ് ഹാൻ്റ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
അർജൻ്റീനയിലെ ഉഷുവ നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ അപൂർവ പക്ഷികളെ തേടിയിറങ്ങിയതായിരുന്നു ഡച്ച് ജീവശാസ്ത്രജ്ഞനായ ലിയോ ഷിൽപെറൂർഡ്. തൻ്റെ എഴുപതുകളിലും പക്ഷിനിരീക്ഷണത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ലിയോയും 69കാരിയായ ഭാര്യ മിർജാം ഷിൽപെറൂർഡും പല വഴികളിലൂടെ സഞ്ചരിച്ചു. ഒടുവിൽ വൈറ്റ് ത്രോട്ടഡ് കാരക്കറ (White-throated caracara) എന്ന ഇരപിടിയൻ പക്ഷിയെ തേടി ഇരുവരും ഉഷുവ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള മാലിന്യക്കൂമ്പാരങ്ങൾക്കിടയിലേക്ക്. എന്നാൽ അപൂർവ പക്ഷിയെ തേടിയിറങ്ങിയ ഇരുവരും അകപ്പെട്ടതാകട്ടെ അപൂർവ വൈറസിൻ്റെ പിടിയിൽ.

ലോകം മറ്റൊരു കൊവിഡ് മഹാമാരി പോലെയാകുമോ എന്ന് ഉറ്റുനോക്കുന്ന ക്രൂയിസ് കപ്പലിലെ ഹാൻ്റ വൈറസ് വ്യാപനത്തിൻ്റെ 'പേഷ്യൻ്റ് സീറോ' അഥവ അണുബാധയേറ്റ ആദ്യ വ്യക്തി നെതർലൻഡ്സിലെ ഹോളർവിക്ക് സ്വദേശിയായ ലിയോ ഷിൽപെറൂർഡ് ആണെന്നാണ് കണ്ടെത്തൽ. സൗത്ത് അമേരിക്കയിൽ അഞ്ച് മാസം യാത്ര ചെയ്ത ലിയോയും മിർജാമും ആദ്യം എത്തിയത് അർജൻ്റീനയിലാണ്. നവംബർ 27ന് അർജൻ്റീനയിൽ എത്തിയ ഇവർ പിന്നീട്, ചിലിയും ഉറുഗ്വേയും സന്ദർശിച്ചു. പിന്നീട് പക്ഷിനിരീക്ഷണത്തിനായി വീണ്ടും അർജൻ്റീനയയിലേക്ക്.
ഇക്കഴിഞ്ഞ മാർച്ച് 27നാണ് ദമ്പതികൾ അപൂർവ പക്ഷിയെ തേടി അർജൻ്റീനിയയിലെ ഉഷുവ നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് എത്തിയത്. ഇവിടുത്തെ മാലിന്യം തള്ളുന്ന സ്ഥലത്ത് സന്ദർശനം നടത്തിയപ്പോഴാണ് ദമ്പതികളിൽ ഹാൻ്റ വൈറസ് പ്രവേശിച്ചതെന്നാണ് അധികൃതർ കരുതുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരാൻ കാരണമാകുന്ന ഹാൻ്റ വൈറസിൻ്റെ ആൻ്റസ് സ്ട്രെയിനിൻ്റെ വാഹകരായ എലികളുടെ കാഷ്ഠത്തിൽ നിന്നാണ് വൈറസ് കണികകൾ വായുവിലൂടെ ദമ്പതികളിലേക്ക് പ്രവേശിച്ചതെന്നാണ് കരുതുന്നത്.
നാല് ദിവസങ്ങൾക്കപ്പുറം, ഏപ്രിൽ ഒന്നിന് ദമ്പതികൾ നെതർലൻഡ്സ് ആസ്ഥാനമായ ക്രൂയിസ് കപ്പലായ എം വി ഹോണ്ടിയസിൽ യാത്ര ആരംഭിച്ചു. പക്ഷിനിരീക്ഷകരും ശാസ്ത്രജ്ഞരുമടക്കം 23 രാജ്യങ്ങളിൽ നിന്നുള്ള 147 യാത്രക്കാരും ജീവനക്കാരുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഏപ്രിൽ ആറിന് ലിയോ ഷിൽപെറൂർഡ് രോഗലക്ഷണങ്ങളായ പനിയും തലവേദനയും വയറുവേദനയും വയറിളക്കവും പ്രകടിപ്പിച്ചു തുടങ്ങി. അഞ്ച് ദിവസങ്ങൾക്കപ്പുറം ലിയോയ്ക്ക് മരണം സംഭവിച്ചു. ഏപ്രിൽ 24ന് ഭർത്താവിൻ്റെ ഭൗതികദേഹവുമായി മിർജാം ഷിൽപെറൂർഡ് സെൻ്റ് ഹെലിന ദ്വീപിൽ ഇറങ്ങി. തുടർന്ന് വിമാന മാർഗം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തി. ഇവിടെ നിന്ന് നെതർലൻഡ്സിലേക്ക് വിമാനമാർഗം പോകാനിരിക്കെ വയോധികയ്ക്കും രോഗം സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മിർജാം അടുത്ത ദിവസം മരണപ്പെട്ടു.
അപൂർവ പക്ഷികളെ തേടി പല രാജ്യങ്ങൾ കറങ്ങിയ ലിയോ ഷിൽപെറൂർഡിൻ്റെയും മിർജാം ഷിൽപെറൂർഡിൻ്റെയും വിയോഗം നെതർലൻഡ്സിലെ ഹോളർവിക്കിലെ ഗ്രാമവാസികളിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോളവിക്കിലെ ഒരു മാസികയിൽ വന്ന ചരമവാർത്തയിൽ ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ കഥകളെയും മിസ്സ് ചെയ്യുമെന്ന് കുറിച്ചിട്ടുണ്ട്. 1984ൽ ഡച്ച് മാസികയിൽ ലിയോ ഷിൽപെറൂർഡിൻ്റെയെയും സംഘത്തിൻ്റെയും പക്ഷിയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013ൽ പക്ഷിനിരീക്ഷണത്തിനായി ദമ്പതികൾ ശ്രീലങ്കയിലും എത്തിയിട്ടുണ്ട്.


