സിംഹത്തിന്‍റെ കൂടിനുള്ളിലാണ് മൈക്കിളിന്‍റെ മൃതദേഹം കാണപ്പെട്ടത്. അയല്‍വാസികള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. 

പ്രാഗ്: വീട്ടിൽ വളർത്തിയിരുന്ന സിംഹങ്ങൾ ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്ളിക്കിലാണ് സംഭവം. മൈക്കിൾ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരൂണാന്ത്യം സംഭവിച്ചത്. ഇയാള്‍ വളര്‍ത്തിയ ഒൻപത് വയസ്സുള്ള ആൺസിംഹത്തിന്‍റെയും അതിന്റെ ഇണയായ പെൺസിംഹത്തെയും ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 

രണ്ട് സിംഹങ്ങളെയും പ്രത്യേകം കൂട്ടിലാണ് വളർത്തിയിരുന്നത് എന്ന് ഇയാളുടെ അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. സിംഹത്തിന്‍റെ കൂടിനുള്ളിലാണ് മൈക്കിളിന്‍റെ മൃതദേഹം കാണപ്പെട്ടത്. അയല്‍വാസികള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. 

2016 മുതലാണ് മൈക്കിൾ ആൺസിംഹത്തെ വീട്ടിൽ വളർത്താൻ ആരംഭിച്ചത്. കഴിഞ്ഞ വർഷം പെൺസിംഹത്തെയും കൊണ്ടുവന്നു. വന്യജീവികളെ നിയമവിരുദ്ധമായി വളർത്തിയതിന്‍റെ പേരിൽ മൈക്കിളിന് പിഴയടയ്ക്കേണ്ടി വന്നിരുന്നു. തന്‍റെ വീടിരിക്കുന്ന സ്ഥലത്തേയ്ക്ക് കടക്കാൻ മൈക്കിൾ ആരെയും അനുവദിച്ചിരുന്നില്ല. മൃഗങ്ങളെ ഉപദ്രവിക്കുന്നു എന്ന വിഷയത്തിൽ തെളിവൊന്നും ലഭിക്കാത്തതിനാൽ അധികൃതർക്ക് ബലമായി സിംഹങ്ങളെ ഇവിടെ കൊണ്ടുപോകാനും സാധിച്ചിരുന്നില്ല.