Asianet News MalayalamAsianet News Malayalam

ലിസ് ട്രസ്, ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി; താച്ചർക്കും തെരേസയ്ക്കും ശേഷം പ്രധാനമന്ത്രി പദത്തിൽ

ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ പാർലമെന്ററി അങ്കത്തിൽ പരാജയം രുചിക്കേണ്ടി വന്നു എങ്കിലും,  പോരാട്ടം തുടർന്ന ലിസ് ഒടുവിൽ 2009 -ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്നാണ് ആദ്യമായി പാർലമെന്റിലെത്തിയത്

Liz Truss, Third Woman PM of Britian
Author
First Published Sep 5, 2022, 6:03 PM IST

ലണ്ടൻ: യുകെയിൽ ബോറിസ് ജോൺസനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത് സൗത്ത് വെസ്റ്റ് നോർഫോക്കിന്റെ പ്രതിനിധിയായ ലിസ് ട്രസ് ആണ്.  മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന വനിതാ പ്രധാനമന്ത്രി.

മേരി എലിസബത്ത് ട്രസ് അഥവാ ലിസ് ട്രസ്. ലീഡ്‍സ് സർവകലാശാലയിലെ ഗണിതാധ്യാപകനായ ജോൺ കെന്നതിന്റെയും, ആതുരസേവകയും അധ്യാപികയും ആക്ടിവിസ്റ്റുമായ പ്രിസില്ല മേരി ട്രസ്സിന്റെയും മകളായി എഴുപതുകളുടെ പകുതിയിൽ ജനനം. ഓക്സ്ഫഡിൽ പൊളിറ്റിക്‌സ്, ഫിലോസഫി, എക്കണോമിക്സ് എന്നിവയിൽ ഉപരിപഠനം. പഠനകാലത്ത് തന്നെ പുലർത്തിയിരുന്നത് കൺസർവേറ്റീവ് ആഭിമുഖ്യം. 1997-ൽ പാർട്ടി കൺവെൻഷനിൽ വെച്ച് കണ്ടുമുട്ടിയ അക്കൗണ്ടന്റ് ഹ്യൂ ഓലിയറിയുമായി മൂന്നു വർഷത്തിനിപ്പുറം വിവാഹം. അതിൽ രണ്ടു പെൺകുട്ടികൾ. ഉപരിപഠനത്തിനു ശേഷം ഷെൽ പെട്രോളിയം കമ്പനിയിൽ ആദ്യജോലി. മറ്റു പല കമ്പനികളിലായി തുടർന്നു പോയ കോർപ്പറേറ്റ് കരിയർ.  

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി; കൺസർവേറ്റീവ് പാർട്ടിയിലെ വോട്ടെടുപ്പിൽ ഋഷി സുനകിനെ പിന്തള്ളി

2001 -ൽ ഇരുപത്തഞ്ചാം വയസ്സിലാണ് ലിസ് ട്രസ് രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടു വച്ചത്. ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ പാർലമെന്ററി അങ്കത്തിൽ പരാജയം രുചിക്കേണ്ടി വന്നു എങ്കിലും, പിന്നെയും പോരാട്ടം തുടർന്ന ലിസ് ഒടുവിൽ 2009 -ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തി. പിന്നീട് കാമറോൺ മന്ത്രിസഭയിൽ കാര്യമായ സ്ഥാനങ്ങൾ വഹിക്കുന്നു.  2019 -ൽ ബോറിസ് ജോൺസനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിനുള്ള പ്രത്യുപകാരമെന്ന നിലയിൽ ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി സ്ഥാനത്തേക്ക് ലിസ് നിയമിതയായി.  2021 -ൽ ഡൊമിനിക് റാബിന് പകരം വിദേശകാര്യ സെക്രട്ടറി ആയി ഉയർത്തപ്പെട്ടതോടെ ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ് വനിതയായി ലിസ് ട്രസ്. ഏതാണ്ട് രണ്ടുപതിറ്റാണ്ടിലധികം പിന്നിട്ട ലിസ് ട്രസിന്റെ രാഷ്ട്രീയ ജീവിതം എക്കാലവും വിവാദ മുഖരിതമായിരുന്നു.

2022 ജൂലൈയോടെയാണ് പാർട്ടി ഗേറ്റ് അടക്കമുള്ള വിവാദങ്ങളിൽ പെട്ട് ബോറിസ് ജോൺസണ് പടിയിറങ്ങേണ്ടി വന്നത്. പകരമെത്തുന്ന ലിസ് ട്രസ് ബ്രിട്ടനെ നയിക്കാൻ പ്രാപ്തയാണോ എന്നതിന് ഉത്തരം കാലം നൽകും.

 

Follow Us:
Download App:
  • android
  • ios