വാഷിംഗ്ടണ്‍: തന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബിഡെനുമൊത്തുള്ള സംവാദത്തില്‍ ഇന്ത്യയെ മലിനമെന്ന് വിളിച്ച പ്രസ്താവന തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പകരം കാലാവസ്ഥാ വ്യതിയാനത്തെ പഴിച്ചാണ് ട്രംപിന്റെ തിരുത്തല്‍. ''ചൈനയിലേക്ക് നോക്കൂ, എന്ത് മാത്രം മലിനമാണ്. റഷ്യയിലേക്ക് നോക്കൂ. ഇന്ത്യയിലേക്ക് നോക്കൂ. വായു മലിനാണ്. പാരിസില്‍ നിന്ന് ഞാന്‍ പിന്മാറിയത് നമ്മള്‍ ശതകോടിക്കണക്കിന് പണം ചെലവാക്കി, എന്നിട്ടും നമ്മോടുള്ള പെരുമാറ്റം മോശമായിരുന്നു'' - ട്രംപ് സംവാദത്തില്‍ പറഞ്ഞു. 

'' പാരിസ് ഉടമ്പടി കാരണം ദശലക്ഷക്കണക്കിന് ജോലികളും കമ്പനികളും ഞാന്‍ നഷ്ടപ്പെടുത്തില്ല...'' എന്നും ട്രംപ് സംവാദത്തില്‍ പറഞ്ഞു. ''കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്ന ഭീഷണിയാണ്. നമുക്ക് കൃത്യമായ ഉടമ്പടി ഉണ്ടാകണം'' എന്നായിരുന്നു ജോ ബിഡന്‍ സംവാദത്തില്‍ വ്യക്തമാക്കിയത്. 

ഇത് രണ്ടാം തവണയാണ് ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തുന്നത്. കൊവിഡ് വിവരത്തെ ചോദ്യം ചെയ്താണ് ആദ്യം ട്രംപ് രംഗത്തെത്തിയത്. ''നിങ്ങള്‍ കണക്കുകളെ കുറിച്ചാണ് പറയുന്നതെങ്കില്‍ ചൈനയില്‍ എത്ര പേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയില്ല, റഷ്യയില്‍ എത്ര പേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇന്ത്യയില്‍ എത്ര പേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇവരാരും കൃത്യമായ കണക്കുകള്‍ നല്‍കുന്നില്ല'' - ട്രംപ് വാദിച്ചു. 

ഇന്ത്യന്‍ പ്രധാനമന്ത്രിയും അമരേിക്കന്‍ പ്രസിഡന്റും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനിടയില്‍ നടന്ന പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. 

''സൗഹൃദത്തിന്റെ ഫലങ്ങള്‍ 
1. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ചോദ്യം ചെയ്യുന്നു
2. ഇന്ത്യ വായു മലിനമാക്കുന്നുവെന്ന് പറയുന്നു
3. ഇന്ത്യയെ ''നികുതിയുടെ രാജാവ്'' എന്ന് വിളിച്ചു

ഹൗഡി മോദിയുടെ ഫലം'' എന്നായിരുന്നു കപല്‍ സിബലിന്റെ ട്വീറ്റ്.