ദില്ലി: നഷ്ടപ്പെട്ട് പോയെന്ന് കരുതിയ ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ പരിശോധിച്ച ഇരുപതുകാരന്‍ അമ്പരന്നു. മലേഷ്യക്കാരനായ ഇരുപതുകാരന്‍റെ ഫോണിന്‍റെ ഗാലറിയിലെ ചിത്രങ്ങളാണ് അമ്പരപ്പിക്കുന്നത്. ഹാട്ടു പാഹതിലെ വിദ്യാര്‍ഥിയായ സാക്കിര്‍ഡിസ് റോഡ്സിയുടെ ഫോണാണ് വെള്ളിയാഴ്ച മോഷണം പോയത്. എന്നാല്‍ മുറയില്‍ മോഷണം നടന്നതിന്‍റേതായ ഒരു അടയാളവും കാണാന്‍ സാധിച്ചില്ല. 

മോഷണം നടന്നതായി തോന്നിയില്ല. എന്തോ മന്ത്രവിദ്യോ പോലെയാണ് തോന്നിയതെന്ന് സാക്കിര്‍ഡിസ് റോഡ്സി ബിബിസിയോട് പറഞ്ഞത്. മൊബൈല്‍ ഫോണിനെ ട്രാക്ക് ചെയ്ത സാക്കിര്‍ഡിസ് റോഡ്സി എത്തിയത് വീടിന് പിന്നിലുള്ള കാട്ടിലേക്കായിരുന്നു. സാക്കിര്‍ഡിസ് റോഡ്സിയുടെ നമ്പറിലേക്ക് പിതാവ് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം മകന്‍ കേള്‍ക്കുന്നത് വരെ ഇത് തുടര്‍ന്നു.

ഫോണ്‍ കണ്ടെത്തിയപ്പോള്‍ അതിലെ ഗാലറി കണ്ടപ്പോഴാണ് സാക്കിര്‍ഡിസ് റോഡ്സി അമ്പരന്നത്. കുരങ്ങന്‍റെ സെല്‍ഫി ചിത്രങ്ങളാണ് ഗാലറിയില്‍ ഉണ്ടായിരുന്നത്. ഇതിന്‍റെ വീഡിയോ സാക്കിര്‍ഡിസ് റോഡ്സി ട്വിറ്ററിലിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സെപ്തബംര്‍ 13 ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.