പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയിൽ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. 

പാരിസ്: പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയിൽ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. നെപ്പോളിയൻ ചക്രവർത്തിയുടെ അമൂല്യ വജ്രാഭരണങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ സുരക്ഷാജീവനക്കാർ എത്തുംമുൻപ് ബൈക്കിൽ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒൻപതരയ്ക്ക് സന്ദർശകർ പ്രവേശിച്ചുതുടങ്ങുമ്പോൾ ആണ് സിനിമയെ വെല്ലുന്ന കവർച്ച നടന്നത്. 

സെൻ നദിയോട് ചേർന്നുള്ള ഭാഗത്തു എത്തിയ മോഷ്ടാക്കൾ ചരക്കുലിഫ്റ്റിൽ ഘടിപ്പിച്ചിരുന്ന ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ അപ്പോളോ ഗ്യാലറിയിൽ കടക്കുകയായിരുന്നു. ഡിസ്‌പ്ലെ കേസ് തകർത്ത് ഉള്ളിൽ ഉണ്ടായിരുന്ന അമൂല്യ ആഭരണങ്ങൾ കൈക്കലാക്കിയ ഇവർ, 7 മിനിറ്റിനുള്ളിൽ പുറത്തിറങ്ങി മോട്ടോർ ബൈക്കിൽ രക്ഷപെട്ടു. മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് മോഷണം നടന്നതെന്നും മുഖംമൂടി ധരിച്ച നാലു പേരാണ് ഗോവണിയുടെ അടുത്ത് എത്തിയതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടമായ വസ്തുക്കളുടെ മൂല്യം നിർണയിക്കാൻ ആകില്ലെന്ന് സാംസ്കാരിക മന്ത്രി പ്രതികരിച്ചു. 

1804ലെ സ്ഥാനാരോഹണ ചടങ്ങിൽ നെപോളിയൻ ചക്രവർത്തിയും ജോസഫൈൻ ചക്രവർത്തിനിയും ഉപയോഗിച്ച വജ്രാഭരണങ്ങൾ അടക്കം 9 അമൂല്യ വസ്തുക്കൾ മോഷണം പോയെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവും അധികം സന്ദര്ശകർ എത്തുന്ന മ്യൂസിയം ആയ ലൂവ്രിൽ, 35000 ഓളം അമൂല്യ വസ്തുക്കൾ ആണ് പ്രദർശനത്തിൽ ഉള്ളത്. വിഖ്യാതമായ മൊണാലിസ ചിത്രം അടക്കം സൂക്ഷിച്ചിരിക്കുന്ന ഇവിടെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നായിരുന്നു അധികൃതരുടെ അവകാശവാദം.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്