'ഇന്ത്യ - സൗദി വാണിജ്യ ബന്ധം ശക്തമാക്കുന്നത്തിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുണ്ട്'

റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വാതോരാതെ പ്രശംസിച്ച് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പീയുഷ് ഗോയൽ രംഗത്ത്. യൂസഫലിയെ 'ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ' എന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വിശേഷിപ്പിച്ചത്. സൗദിയിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി യൂസഫലിയെ വാഴ്ത്തിയത്.

ഇന്ത്യ - സൗദി വാണിജ്യ ബന്ധം ശക്തമാക്കുന്നത്തിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും പീയുഷ് ഗോയൽ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയത്. സൗദിയിലെ ഇന്ത്യൻ സമൂഹത്തെയും കേന്ദ്രമന്ത്രി പ്രശംസിച്ചു.

അതേസമയം അടുത്ത രണ്ട് വർഷത്തിനകം സൗദിയിൽ നൂറ് ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലാണ് ലുലു എന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞത്. ഇതോടെ പതിനായിരം സൗദി സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്നും അദേഹം കൂട്ടിചേർത്തു.

കൈയടിച്ച് അറബ് വാണിജ്യ ലോകം, കൈയയച്ച് നിക്ഷേപം നടത്തി നിക്ഷേപകർ; ലുലുവിന്റെ ഐപിഒ ആഘോഷമാക്കുന്നതിങ്ങനെ...

അതിനിടെ ലുലുവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത ഓഹരികള്‍ വില്‍പനയ്ക്ക് വച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും സബ്സ്ക്രൈബ് ചെയ്യപ്പെടുന്നു എന്നതാണ്. ലുലു ഐ പി ഒയ്ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. 12,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ലുലു നടത്തുന്ന ഐ പി ഒയ്ക്ക് വില്‍പനയ്ക്കുള്ള ഓഹരികളുടെ എണ്ണത്തേക്കാള്‍ അധിക അപേക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. നൂറ് മടങ്ങ് അധിക അപേക്ഷകരെയാണ് ഐ പി ഒയ്ക്ക് പ്രതീക്ഷിക്കുന്നത്. യു എ ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയാണ് എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുവിന്‍റേത്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് ഓഹരി വില. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം