കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംയുക്ത സൈനിക മേധാവി.
കൊളംമ്പോ: ജനകീയ പ്രക്ഷോഭത്തിൽ മുങ്ങിയ ശ്രീലങ്കയിൽ താത്കാലിക പ്രസിഡന്‍റായി
ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയ വർധനെ അധികാരമേൽക്കും. സർവ്വകക്ഷി യോഗത്തിന്‍റെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രിയും പ്രസിഡന്‍റും രാജിക്ക് തയ്യാറായതോടെ വെള്ളിയാഴ്‌ച്ചയോ ശനിയാഴ്ച്ചയോ പാർലമെന്‍റ് ചേർന്നേക്കും. മഹിന്ദ അബേയ വർധനെ ഒരു മാസത്തേക്ക് താത്കാലിക പ്രസിഡന്‍റായാണ് അധികാരമേൽക്കുന്നത്. ഒരു മാസത്തിന് ശേഷം എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള സർക്കാരിനെയും പുതിയ പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കും എന്നാണ്
ഇപ്പോഴത്തെ ധാരണ.
അതേസമയം 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ കൊളംബോയിൽ തുടരുകയാണ് രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ. രാജിക്ക് പ്രസിഡന്‍റ് മഹിന്ദ രജപക്സെ തയാറായ സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര ഡിസിൽവ ആവശ്യപ്പെട്ടു. ഗോത്തബയ രജപക്‌സെയുടെ വസതിയിൽ നിന്ന് പ്രക്ഷോഭകർ ലക്ഷക്കണക്കിന് രൂപയുടെ കറൻസി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാർ പൊലീസിന് കൈമാറിയതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രക്ഷോഭകർക്ക് നേരെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വെടിവെപ്പിന്‍റെയും മര്‍ദ്ദനത്തിന്‍റെയും കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.
ശ്രീലങ്കയിലെ പ്രശ്നങ്ങളില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്.
വീണ്ടും അധികാരത്തിലെത്തിയ ഉടനെ ജനപ്രീതി കൂട്ടാന്‍ നികുതി കുറച്ച സര്‍ക്കാരായിരുന്നു മഹീന്ദ രജപക്സേയുടേത്. രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയെ ആദ്യം ബാധിച്ചത് ഇതാണ്. 2019 ലെ ഭീകരാക്രമണവും തൊട്ടുപിന്നാലെ വന്ന കൊവിഡും വിനോദസഞ്ചാരം പ്രധാന വരുമാനമാക്കിയ രാജ്യത്തിന്‍റെ നട്ടെല്ലൊടിച്ചു. ലാഭം പ്രതീക്ഷിച്ച് രാസവള ഇറക്കുമതി നിര്‍ത്തി. ജൈവകൃഷിയിലേക്ക് തിരിഞ്ഞത് കാര്‍ഷിക മേഖലെയും തളര്‍ത്തി.
