ടെൽ അവീവ്: ഇസ്രയേലില്‍ മലയാളിക്ക് ദാരുണാന്ത്യം. ടെല്‍അവീവിലെ സതേണ്‍ നേവ് ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിലാണ് 40 കാരനായ ജെറോം അർതർ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്. സുഹൃത്തും മറ്റൊരു മലയാളിയുമായ പീറ്റർ സേവ്യർ (60) പരിക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റിരുന്ന ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാളിയായ ജെറോം അർതർ ഫിലിപ്പിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്ത്യക്കാരാണെന്ന് പൊലീസ് പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും മരിച്ച ജെറോമിന്‍റെ സഹമുറിയന്മാരായിരുന്നു. 

ജെറോം അർതർ ഫിലിപ്പും,  പീറ്റർ സേവ്യറും മലയാളികളാണ്. എന്നാല്‍ അറസ്റ്റിലായ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് മാത്രമേ റിപ്പോര്‍ട്ടിലൊള്ളൂ. ഇവര്‍ ഇന്ത്യയിലെവിടെയെന്ന് പൊലീസ് വിശദമാക്കിയിട്ടില്ല. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.