ടൂറിസം വകുപ്പ്, മിൽമ, കേരള പോലീസ് എന്നിവയ്ക്ക് പിന്നാലെ യുകെയിലെ മലയാളി റെസ്റ്റോറന്‍റും രംഗത്തെത്തി.

മാഞ്ചസ്റ്റർ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35ബി സോഷ്യൽ മീഡിയയിൽ വൈറലാണ്. ടൂറിസം വകുപ്പിനും മിൽമയ്ക്കും കേരള പൊലീസിനും ശേഷം യുകെയിലെ ഒരു റെസ്റ്റോറന്‍റ് എഫ് 35ബിയെ 'പരസ്യ'ത്തിലെടുത്തു. 'മകനേ മടങ്ങിവരൂ' എന്ന് പറഞ്ഞ് യുകെയിലെ മലയാളി റെസ്റ്റോറന്‍റാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

മാഞ്ചസ്റ്ററിൽ പ്രവർത്തിക്കുന്ന കേരള കറി ഹൗസ് എന്ന റസ്റ്റോറന്‍റാണ് എഫ് 35ബിയെ പരസ്യ മോഡലാക്കിയത്. 'കേരളത്തിന്‍റെ രുചി കേരള കറി ഹൌസ് മാഞ്ചസ്റ്ററിൽ വിളമ്പുമ്പോൾ നീ എന്തിനവിടെ നിൽക്കുന്നു' എന്നാണ് പോസ്റ്ററിലെ ചോദ്യം. കേരളത്തിന്‍റെ വൈബിനായി കൊതിക്കുന്നവർ ഇതൊരു തമാശയായി എടുക്കണമെന്ന അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.

'കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെ'ന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലുള്ള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ പരസ്യവും വൈറലായിരുന്നു. 'അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എൻ'ജോയ്' എന്നാണ് മിൽമയുടെ പരസ്യം. തകരാറിലായ വിമാനത്തിനടുത്തിരുന്ന് പൈലറ്റ് 'ജോയ്' കുടിക്കുന്ന ചിത്രത്തോടെയാണ് മിൽമയുടെ പരസ്യം. 'ഇപ്പ ശരിയാക്കിത്തരാം, ആ ചെറിയ 'ജോയ്' ഇങ്ങെടുത്തേ എന്ന ക്യാപ്ഷനോടെയുള്ള പരസ്യവും വൈറലായിരിക്കുകയാണ്. 'സുരക്ഷയാണ് സാറേ കേരളത്തിൻറെ മെയിൻ' എന്നാണ് കേരള പൊലീസ് ഇറക്കിയ പോസ്റ്റർ.

എഫ് 35ബിയെ വച്ചുള്ള എല്ലാ പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണെന്നും അവൻ സുരക്ഷിതനാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമെല്ലാം കമന്‍റുകൾ നിറയുകയാണ്. ഏകദേശം 1000 കോടി രൂപയ്ക്ക് അടുത്ത് വിലയുണ്ട് എഫ് 35ബിയ്ക്ക്. റഡാറിൽ പതിയാതെ പറക്കാൻ കഴിയുന്ന അത്യാധുനിക വിമാനമെന്നാണ് എഫ് 35ബിയുടെ പ്രത്യേകത.