ദില്ലി: ഫിലിപ്പീൻസിൽ കുടുങ്ങി കിടക്കുന്ന മലയാളികളടക്കമുള്ള 400-ഓളം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ തിരികെയെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. തലസ്ഥാനമായ മനിലയിലെ പെർപ്പെച്ച്വൽ യൂണിവേഴ്‌സിറ്റിയിലെ മലയാളികൾ ഉൾപ്പടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് വിമാനത്താവളം അടച്ചതോടെ കുടുങ്ങി കിടക്കുന്നത്.

രാജ്യത്ത് വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ വിമാന സർവീസുകൾ റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. നാട്ടിലേക്ക് വരാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലാണ്. നേരത്തെ ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കിരുന്നു. പരിശോധനക്കായി കുടുങ്ങിക്കിടക്കുന്നവരുടെ സാമ്പിളുകൾ ശേഖരിച്ചെന്നും ഇതിന്റെമഫലം ഉടൻ ലഭ്യമാകുമെന്നും എംബസി വ്യക്തമാക്കി.

എന്നാൽ തിരിച്ചുവരാനുള്ള കാര്യത്തിൽ ഇന്ത്യൻ എംബസി വ്യക്തത തരുന്നില്ലെന്നാണ് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നത്. തങ്ങളെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിമാനത്താവളം അടച്ചിട്ടും ഒരു സംഘം മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ അവിടെ തുടരുകയായിരുന്നു. എന്നാൽ ഇവരെ ഇപ്പോൾ വിമാനത്താവളത്തിന് അകത്തു നിന്നും പുറത്താക്കിയെന്നാണ് വിവരം. വിദ്യാർത്ഥികളെല്ലാം ഇപ്പോൾ പ്രവേശന ഗേറ്റിന് സമീപം കുത്തിയിരിക്കുകയാണ്.