പാലസ്തീനിയന്‍ ജനതയോടുള്ള ക്രൂരതയാണ് നിലവിലെ കൂട്ടക്കുരുതിയെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

ക്വാലാലംപൂർ: ഇസ്രയേലിൽ നിന്നുള്ളതും ഇസ്രയേൽ ഉടമകളുടേതുമായ കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ച് മലേഷ്യ. ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി ബുധനാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കിയത്. പാലസ്തീന്‍ ജനതയോട് മാനുഷിക സമീപനം കാണിക്കുന്നില്ലെന്ന് വിശദമാക്കിയാണ് മലേഷ്യയുടെ നടപടി. ഗാസയിലെ മരണസംഖ്യ വർധിക്കുകയും പാലസ്തീനെ പിന്തുണച്ച് രാജ്യത്ത് പ്രതിഷേധങ്ങൾ പതിവാകുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

ഒക്ടോബറിൽ ഗാസയിലെ ഇസ്രയേൽ നടപടി ആരംഭിച്ചതിന് പിന്നാലെ മലേഷ്യയിൽ പാലസ്തീന്‍ അനുകൂല പ്രകടനങ്ങൾ പതിവായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. പാലസ്തീനിയന്‍ ജനതയോടുള്ള ക്രൂരതയാണ് നിലവിലെ കൂട്ടക്കുരുതിയെന്നാണ് പ്രഖ്യാപനം അറിയിച്ച് കൊണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഒക്ടോബർ ആറിന് നടന്ന ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ അൻവറിനെതിരെ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ചിരുന്നു. ഇസ്രയേലിനെതിരെയും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ നേതാക്കന്മാർക്കെതിരെയും ശക്തമായി തുറന്ന് സംസാരിക്കുന്ന ലോകത്തിലെ തന്നെ വളരെ ചുരുക്കം നേതാക്കന്മാരിലൊരാളാണ് മലേഷ്യയുടെ പ്രധാനമന്ത്രി.

മലേഷ്യയിലെ പാസ്പോർട്ടിലടക്കം ഇസ്രയേലിനെതിരെ ശക്തമായ നിലപാടാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രയേലില്‍ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സാധുതയുള്ളതെന്നാണ് മലേഷ്യന്‍ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ കപ്പലുകളെ 2005 മുതൽ മലേഷ്യന്‍ തുറമുഖത്ത് അനുവദിച്ചിരുന്നു. ക്യാബിനറ്റിന്റെ ഈ തീരുമാനം റദ്ദാക്കുന്നതായാണ് അൻവർ വിശദമാക്കിയത്.

കപ്പലുകളിൽ ഇസ്രയേൽ പതാകകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം