Asianet News MalayalamAsianet News Malayalam

യുക്രൈനിയൻ വിമാനം മിസൈലേറ്റ് വീഴുന്ന വീഡിയോ പങ്കുവെച്ചയാള്‍ അറസ്റ്റില്‍

യുക്രൈനിയൻ വിമാനം മിസൈലേറ്റ് വീണ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍

man arrested for posting video of Missile Hitting Ukraine Plane
Author
Tehran, First Published Jan 15, 2020, 12:21 PM IST

ടെഹ്‍‍റാന്‍: യുക്രൈനിയൻ വിമാനം മിസൈലേറ്റ് വീണ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് ഇയാളെ അറസ്റ്റ് ചെയ്തതായി ഫാര്‍സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇറാന്‍റെ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ട് മിസൈലുകളേറ്റാണ് ടെഹ്റാനില്‍ വിമാനം വീണതെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. യുക്രൈനിയൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ട സംഭവത്തിൽ അറസ്റ്റുകൾ രേഖപ്പെടുത്തിയെന്ന് ഇറാന്‍റെ ജുഡീഷ്യറി വ്യക്തമാക്കിയിരുന്നു. ജനുവരി എട്ടാം തീയതി ടെഹ്റാനിലെ ഖൊമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് മിനിറ്റുകൾക്ക് ശേഷമാണ് യുക്രൈനിയൻ വിമാനം തകർന്ന് വീണത്. ഇറാനിയൻ, വിദേശ പൗരൻമാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇറാനിയൻ പൗരൻമാരായിരുന്നു. സംഭവത്തിൽ ഇറാൻ പരമാധികാരി അലി ഖമനേയിക്ക് അടക്കം എതിരെ വൻ വിദ്യാർത്ഥിപ്രക്ഷോഭമാണ് ടെഹ്‍റാനിൽ നടക്കുന്നത്. 

വിമാനം തകർന്ന് വീണതിന് പിന്നിൽ ഇറാൻ തന്നെയാണെന്ന് ദുരന്തത്തിന് ശേഷം അമേരിക്ക ആരോപിച്ചെങ്കിലും ഇറാൻ അത് തള്ളിക്കളയുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇറാൻ കുറ്റസമ്മതം നടത്തി. വിമാനം വെടിവച്ചിട്ടത് രാജ്യത്തിനുള്ളിൽ നിന്ന് തന്നെയാണ്. ഇത് അബദ്ധത്തിൽ പറ്റിയ ഒരു പിഴവാണെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. 

Read More: യുക്രൈൻ വിമാനം വെടിവെച്ചിട്ട സംഭവം: ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തിയെന്ന് ഇറാൻ

വേദനാജനകമായ സംഭവമെന്നാണ് ഇറാന്‍ പ്രസിഡന്‍റ് റൂഹാനി വിമാനദുരന്തത്തെ വിശേഷിപ്പിച്ചത്. എല്ലാ തരത്തിലും ഈ സംഭവം അന്വേഷിക്കും. ഒരാൾക്ക് മാത്രമല്ല ഈ സംഭവത്തിൽ ഉത്തരവാദിത്തമുള്ളത്. കുറ്റവാളികളെന്ന് കണ്ടെത്തിയവരെയെല്ലാവരെയും ശക്തമായി ശിക്ഷിക്കും. സത്യസന്ധമായി വിചാരണ നടക്കുമെന്നും, അത് ഉറപ്പാക്കുമെന്നും റൂഹാനി വ്യക്തമാക്കി. അതിന്‍റെ ആദ്യപടിയായാണ് സർക്കാർ തെറ്റ് തുറന്ന് സമ്മതിച്ചതെന്നും റൂഹാനി പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios