ടെഹ്റാൻ: യുക്രൈനിയൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ട സംഭവത്തിൽ അറസ്റ്റുകൾ രേഖപ്പെടുത്തിയെന്ന് ഇറാന്‍റെ ജുഡീഷ്യറി വ്യക്തമാക്കി. ദുരന്തത്തെക്കുറിച്ച് വിശദമായ വിചാരണ ഉറപ്പാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് ഇറാനിയൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ ജുഡീഷ്യറിയുടെ പ്രഖ്യാപനം. 

''വിശദമായ അന്വേഷണം തന്നെ ഇതിൽ നടക്കുന്നുണ്ട്. ചില വ്യക്തികളെ ഞങ്ങൾ അറസ്റ്റ് ചെയ്തുകഴിഞ്ഞു'', എന്നാണ് ജുഡീഷ്യൽ വക്താവ് ഖൊലംഹൊസ്സൈൻ ഇസ്മായിലി വ്യക്തമാക്കിയത്. എന്നാൽ ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ, എന്താണ് അവരുടെ വിശദാംശങ്ങളെന്നോ, എന്ത് അടിസ്ഥാനത്തിലാണ് അറസ്റ്റെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്താൻ വക്താവ് തയ്യാറായില്ല.

ജനുവരി എട്ടാം തീയതി ടെഹ്റാനിലെ ഖൊമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് മിനിറ്റുകൾക്ക് ശേഷമാണ് യുക്രൈനിയൻ വിമാനം തകർന്ന് വീണത്. ഇറാനിയൻ, വിദേശ പൗരൻമാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇറാനിയൻ പൗരൻമാരായിരുന്നു. സംഭവത്തിൽ ഇറാൻ പരമാധികാരി അലി ഖമനേയിക്ക് അടക്കം എതിരെ വൻ വിദ്യാർത്ഥിപ്രക്ഷോഭമാണ് ടെഹ്‍റാനിൽ നടക്കുന്നത്. 

''ജുഡീഷ്യറി കേസ് പരിഗണിക്കാൻ പ്രത്യേക കോടതി രൂപീകരിക്കണം. മുതിർന്ന ജഡ്ജി തന്നെ ഇതിന് നേതൃത്വം വഹിക്കണം. ഒരു സംഘം വിദഗ്ധരെ കേസ് വിചാരണയിൽ സഹായിക്കാൻ നിയമിക്കണം'', ഹസ്സൻ റൂഹാനി ആവശ്യപ്പെട്ടിരുന്നു. ഇറാൻ ഔദ്യോഗിക ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട റൂഹാനി ''ഇത് സാധാരണ കേസല്ല, ലോകം മുഴുവൻ ഈ കേസ് വിചാരണയെ ഉറ്റുനോക്കും'', എന്നും വ്യക്തമാക്കി.

വേദനാജനകമായ സംഭവമെന്നാണ് റൂഹാനി വിമാനദുരന്തത്തെ വിശേഷിപ്പിച്ചത്. എല്ലാ തരത്തിലും ഈ സംഭവം അന്വേഷിക്കും. ഒരാൾക്ക് മാത്രമല്ല ഈ സംഭവത്തിൽ ഉത്തരവാദിത്തമുള്ളത്. കുറ്റവാളികളെന്ന് കണ്ടെത്തിയവരെയെല്ലാവരെയും ശക്തമായി ശിക്ഷിക്കും. സത്യസന്ധമായി വിചാരണ നടക്കുമെന്നും, അത് ഉറപ്പാക്കുമെന്നും റൂഹാനി വ്യക്തമാക്കി. അതിന്‍റെ ആദ്യപടിയായാണ് സർക്കാർ തെറ്റ് തുറന്ന് സമ്മതിച്ചതെന്നും റൂഹാനി. 

വിമാനം തകർന്ന് വീണതിന് പിന്നിൽ ഇറാൻ തന്നെയാണെന്ന് ദുരന്തത്തിന് ശേഷം അമേരിക്ക ആരോപിച്ചെങ്കിലും ഇറാൻ അത് തള്ളിക്കളയുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇറാൻ കുറ്റസമ്മതം നടത്തി. വിമാനം വെടിവച്ചിട്ടത് രാജ്യത്തിനുള്ളിൽ നിന്ന് തന്നെയാണ്. ഇത് അബദ്ധത്തിൽ പറ്റിയ ഒരു പിഴവാണെന്നും ഇറാൻ തുറന്ന് സമ്മതിച്ചു.

റവല്യൂഷണറി ഗാർഡ്സിന്‍റെ ഉദ്യോഗസ്ഥർ തന്നെയാണ് വിമാനം വെടിവച്ചിട്ടതെന്നാണ് സൂചന. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്നു 176 യാത്രക്കാരുള്ള വിമാനം. അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാഖിൽ ഇറാൻ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു സംഭവം. അമേരിക്ക വധിച്ച ഇറാനിലെ ഉന്നത സൈനിക കമാൻഡർ കാസിം സൊലേമാനിയുടെ മരണത്തിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ നടപടി. ആക്രമണത്തിൽ '80 യുഎസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു' എന്നായിരുന്നു ഇറാന്‍റെ അവകാശവാദം. ഇതിന് തൊട്ടുപിന്നാലെ യുക്രൈൻ വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, അമേരിക്ക തിരിച്ചടിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ ഇറാൻ സർക്കാർ അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിച്ചില്ല. ആദ്യമേ തന്നെ ഇതൊരു അപകടമാണെന്ന വാദമാണ് ഉന്നയിച്ചത്. പക്ഷേ, അതിനെതിരെ അമേരിക്കയടക്കം രംഗത്തെത്തി. ഇറാൻ തന്നെയാണ് വിമാനം വെടിവച്ചിട്ടതെന്ന് അമേരിക്ക ആരോപിച്ചു.

പിന്നീട്, ഇറാൻ തന്നെ ആ ദുരന്തം ഒരു 'കയ്യബദ്ധ'മാണെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു. അമേരിക്കയുടെ പ്രത്യാക്രമണമാണെന്ന് കരുതി അറിയാതെയാണ് വിമാനത്തിന് നേരെ വെടിയുതിർത്തതെന്നും ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്‍സിന്‍റെ കമാൻഡർ ഇൻ ചീഫ് ജനറൽ ഹസ്സൻ സലാമി തുറന്ന് സമ്മതിച്ചു. എത്രയും പെട്ടെന്ന് ഇതിൽ നടപടിയുണ്ടാകുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും റവല്യൂഷണറി ഗാർഡ്സും വ്യക്തമാക്കി. 

തകർന്നുവീണ യുക്രൈൻ വിമാനത്തിൽ 82 ഇറാൻ പൗരൻമാർക്ക് പുറമേ, കാനഡയിൽ നിന്ന് 63 പേരും, യുക്രൈനിൽ നിന്ന് 11, സ്വീഡനിൽ നിന്ന് 10, അഫ്ഗാനിസ്ഥാനിൽ നിന്ന് നാല്, ജർമനിയിൽ നിന്നും യുകെയിൽ നിന്നും മൂന്ന് വീതം പൗരൻമാരുമാണ് ഉണ്ടായിരുന്നത്.