മാഡ്രിഡ്: അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ തലകുത്തിമറിയുമ്പോള്‍ കയ്യിലുള്ള മൊബൈല്‍ ഫോണും പേഴ്സുമടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ കിട്ടുന്നത് വലിയ പണിയായിരിക്കും. പോക്കറ്റിലിരിക്കുന്ന ഫോണ്‍ താഴേക്ക് വീണതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ലല്ലോ. 

അത്തരമൊരു നിമിഷത്തെ അത്ഭുതകരമായ ഇടപെടലുകൊണ്ട് വൈറലായിരിക്കുകയാണ് ന്യൂസിലാന്‍റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ്. സ്പെയിനിലെ ഒരു അമ്യൂുസ്മെന്‍റ് പാര്‍ക്കില്‍ റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് അയാളുടെ ശ്രദ്ധയില്‍ താഴേക്ക് പതിക്കുന്ന ആ ഫോണ്‍ പെട്ടത്. നിമിഷങ്ങള്‍കൊണ്ട് അയാള്‍ അത് കൈക്കലാക്കി. പറക്കുന്ന റോളര്‍ കോസ്റ്ററിലിരുന്ന് സാമുവല്‍ എങ്ങനെ ആ ഫോണ്‍ കണ്ടുവെന്നോ അത് കൈക്കലാക്കിയെന്നോ മനസിലാകാതെ അത്ഭുതപ്പെടുകയാണ് വീഡിയോ കാണുന്നവരെല്ലാം. 

സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നില്ലെങ്കില്‍ ഒരിക്കലും ആരുമിത് വിശ്വസിക്കില്ലായിരുന്നുവെന്ന് ഒരാള്‍ വീഡിയോയുടെ താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഫോണിന്‍റെ ഉടമയ്ക്ക് അപ്പോഴും അത് വിശ്വസിക്കാനായിരുന്നില്ലെന്നും അയാള്‍ തന്നെ സ്നേഹത്തോടെ ആലിംഗനം ചെയ്തുവെന്നും സാമുവല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.