സാന്‍ഫ്രാന്‍സിസ്കോ: തന്‍റെ പിതാവിന്‍റെ ജീവന്‍ രക്ഷിച്ചതിന് ആപ്പിള്‍ വാച്ചിന് ക്രെഡിറ്റ് നല്‍കുകയാണ് വാഷിംഗ്ടണിലെ സ്പൊക്കേന്‍ സ്വദേശി. നേരത്തേ തീരുമാനിച്ചതുപ്രകാരം പിതാവ് ബോബിനെ കാത്ത് ഒരു പാര്‍ക്കിന് സമീപം നില്‍ക്കുകയായിരുന്നു മകന്‍ ഗേബ് ബര്‍ഡെറ്റ്. അപ്പോഴാണ് അയാള്‍ക്ക് ഒരു സന്ദേശം ലഭിച്ചത്. 

ബോബിന്‍റെ ആപ്പിള്‍ വാച്ചില്‍ നിന്നായിരുന്നു സന്ദേശം ലഭിച്ചത്. പിതാവ് വീണുവെന്നായിരുന്നു ആ സന്ദേശം. ഒപ്പം പിതാവ് ഇപ്പോള്‍ എവിടെയാണെന്നും വാച്ച് കൃത്യമായി അറിയിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സന്ദേശം കൂടി ആപ്പിള്‍ വാച്ച്  ബര്‍ഡെറ്റിന് നല്‍കി. 

പിതാവ് സേക്രഡ് ഹാര്‍ട്ട് മെഡിക്കല്‍ കോളേജില്‍ എത്തിയെന്നതായിരുന്നു ആ സന്ദേശം. ''ഞങ്ങള്‍ ഉടന്‍ അവിടെയെത്തിയെങ്കിലും അദ്ദേഹം അവിടെനിന്നുപോയിരുന്നു. അദ്ദേഹത്തിന്‍റെ ലൊക്കേഷന്‍ മാറിയെന്ന് വീണ്ടും വാച്ച് സന്ദേശം നല്‍കി. അദ്ദേഹത്തിന്‍റെ തലപൊട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ ബൈക്ക് അപകടം നടന്നിടത്തുതന്നെ കിടക്കുകയായിരുന്നു.'' - ബര്‍ഡെറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. 

വാച്ച് തന്നെയാണ് മുപ്പതുമിനുട്ടിനുള്ളില്‍ ആംബുലന്‍സില്‍ ലൊക്കേഷനടക്കം സന്ദേശമെത്തിച്ചത്. ആംബുലന്‍സ് എത്തി ബോബിനെ ആശുപത്രിയിലെത്തിച്ചു. അവിശ്വസനീയമായ ടെക്നോളജിയാണിതെന്ന് ബര്‍ഡെറ്റ് ആവര്‍ത്തിച്ചു.