കാറിന്റെ മുൻവശത്ത് തീപിടിച്ചിരുന്നു. ടയറുകൾ തകർന്ന് തരിപ്പണമായി. പ്രത്യേക ഉപകരണങ്ങൾ എത്തിച്ചാണ് കാർ ഉയർത്തി ട്രാക്കിൽ നിന്ന് മാറ്റിയത്.

ന്യൂയോർക്ക്: മദ്യ ലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച യുവാവ് റെയിൽ ഗതാഗതം താറുമാറാക്കി. ന്യൂയർക്കിലെ ബ്രൂക്ലിനിൽ നടന്ന സംഭവം ന്യൂയോർക്ക് പോസ്റ്റ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്ററോളം ട്രാക്കിലൂടെ കാറുമായി മുന്നോട്ടു നീങ്ങിയ ഇയാൾ ട്രാക്കുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. വാഹനത്തിനും കാര്യമായ തകരാറുകളുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.

ന്യൂയോർക്കിലെ ലോങ് ഐലന്റ് റെയിൽ റോഡ് ട്രാക്കിലൂടെയാണ് 40കാരനായ ബസിലിയോ ഹിദൽഗോ എന്നയാൾ കാറോടിച്ചത്. എൽമണ്ട് യുബിഎസ് അരീന സ്റ്റേഷന് സമീപത്തു നിന്ന് ആരംഭിച്ച ഈ സാഹസിക ഡ്രൈവിങ് ഒരു കിലോമീറ്ററോളം മുന്നോട്ട് നീങ്ങി. കറുത്ത നിറത്തിലുള്ള ഹോണ്ട എസ്.യു.വി കാർ റെയിൽവെ ട്രാക്കിലൂടെ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബെല്ലെറോസ് സ്റ്റേഷന് സമീപം കാർ നിന്നു.

View post on Instagram

ഒരു കിലോമീറ്റർ മുന്നോട്ട് പോയപ്പോഴേക്കും കാറിന്റെ ടയറുകൾ ഏതാണ്ട് പൂർണമായി തകർന്നു. വാഹനത്തിന്റെ മുൻഭാഗത്ത് തീപിടിച്ചു. ഫ്ലോറൽ പാർക്ക് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി തീ കെടുത്തി. ഹെ‍ഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഉപകരണങ്ങൾ കൊണ്ടുവന്നാണ് കാർ റെയിൽവെ ട്രാക്കിൽ നിന്ന് നീക്കിയത്.

മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് റെയിൽവെയുടെ വിവിധ ബ്രാഞ്ചുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനം ട്രാക്കിൽ നിന്ന് മാറ്റാൻ തന്നെ മൂന്ന് മണിക്കൂറെടുത്തു. പിന്നെയും സമയമെടുത്താണ് ട്രാക്കുകളുടെ തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.

Scroll to load tweet…

യുവാവ് എങ്ങനെയാണ് ട്രാക്കിലേക്ക് കാർ കയറ്റിയതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതെങ്ങനെ സാധിച്ചുവെന്ന് പലരും അമ്പരക്കുകയും ചെയ്തു. എൽമണ്ട് യുബിഎസ് അരീന സ്റ്റേഷന് സമീപം ട്രാക്കുകൾ തറനിരപ്പിൽ തന്നെ കടന്നുപോകുന്ന പ്രദേശത്തുവെച്ച് കാർ നേരെ ഓടിച്ചുകയറ്റിയെന്നാണ് അനുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം