ടാന്‍സാനിയ: ജീവിതത്തിലെ ഏറ്റവും മനോഹരമെന്ന് കെനേഷ അന്‍റോണി വിളിച്ച ആ ദിവസം എന്നാല്‍ അവളുടെ ജീവിത്തിലെ ഏറ്റവും മോശം ദിവസം കൂടിയായിരുന്നു. ഒരുമിച്ച് അവധിക്കാലമാഘോഷിക്കാനെത്തിയ സുഹൃത്ത് സ്റ്റീവ് വെബ്ബറിനെ അവള്‍ക്ക് നഷ്ടമായത് ഒരിക്കലും അന്‍റോണിക്ക് മറക്കാനാവില്ല, തീര്‍ച്ച. കാരണം തന്‍റെ ജീവിതത്തിലേക്ക് അവളെ ക്ഷണിച്ച് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വെബ്ബര്‍ മരണത്തിന് കീഴടങ്ങിയത്. 

ടാന്‍സാനിയയിലെ ഒരു ഹോട്ടലിലെ പൂളിനുള്ളില്‍ 30 അടി താഴ്ചയില്‍ വച്ചാണ് വെബ്ബര്‍ അന്‍റോണിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. അന്‍റോണി അപ്പോള്‍ വെള്ളത്തിനടിയിലെ മുറിക്കുള്ളിലായിരുന്നു.  മുറിയിലെ കണ്ണാടി ചില്ലിനപ്പുറത്തെ പൂളില്‍ വച്ച് അവന്‍ ആദ്യം കയ്യിലുണ്ടായിരുന്ന, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ പേപ്പറിന്‍റെ ഇരുപുറവും അവള്‍ക്കുനേരെ ഉയര്‍ത്തിക്കാട്ടി. 

'' ഞാന്‍ നിന്നെ പ്രണയിക്കുന്നു. ഇനിയും ഇത് പറയാതെ എനിക്ക് പിടിച്ചുവയ്ക്കാനാവില്ല. നിന്നിലെ എല്ലാം ഞാന്‍ പ്രണയിക്കുന്നു. ഓരോ ദിവസവും ഞാന്‍ കൂടുതല്‍ കൂടുതല്‍ പ്രണയിക്കുന്നു. '' - അയാള്‍ ഉയര്‍ത്തിപ്പിടിച്ച പേപ്പറില്‍ ഇങ്ങനെയെഴുതിയിരുന്നു. പിന്നീട് തന്‍റെ സ്വീം സ്വൂട്ടിനുള്ളില്‍ നിന്ന് ഒരു ബോക്സ് പുറത്തെടുത്ത വെബ്ബര്‍ അവള്‍ക്കുനേരെ നീട്ടി. അത് ഒരു വിവാഹമോതിരമായിരുന്നു. അവള്‍ എല്ലാം അപ്പുറമിരുന്ന് ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് കണ്ടു. അവന്‍ ഉയര്‍ത്തിയ പേജിന്‍റെ മറുപുറത്തില്‍ ഇങ്ങനെ എഴുതിയിരുന്നു; 'നീ എന്നെ വിവാഹം ചെയ്യുമോ ?'. അപ്പോഴേക്കും ഒരു തവണയല്ല, ഒരായിരം തവണ അവള്‍ മനസ്സുകൊണ്ട് സമ്മതം മൂളിക്കഴിഞ്ഞിരുന്നു. 

ഒട്ടും വൈകിയില്ല, അന്‍റോണി മുറിയില്‍ നിന്ന് ഇറങ്ങിയോടി. വെബ്ബര്‍ പൂളില്‍ നിന്ന് വരുന്നതും കാത്ത് ഇമചിമ്മാതെ കാത്തുനിന്നു. എന്നാല്‍ അവള്‍ സമ്മതം മൂളുന്നതുകേള്‍ക്കാനോ അതുകേട്ട് മതിമറന്ന് സന്തോഷിക്കാനോ വെബ്ബറിന് കഴിഞ്ഞില്ല. ആ സന്തോഷനിമിഷം കണ്ണീരില്‍ കുതിര്‍ത്ത് അയാള്‍ ആ പൂളില്‍ വച്ചുതന്നെ മരണത്തിനുകീഴടങ്ങുകയായിരുന്നു. 

ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വെബ്ബര്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് ഹോട്ടല്‍ അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ആ ആഴങ്ങളില്‍ നിന്ന് ഒരിക്കലും ഉര്‍ന്നുവന്നില്ലെ'ന്ന് അന്‍റോണി ഫേസ്ബുക്കില്‍ കുറിച്ചു. 

''നീ ഒരിക്കലും എന്‍റെ ഉത്തരം കേട്ടില്ല. 'സമ്മതം, സമ്മതം, ഒരായിരം തവണ സമ്മതം'  ജീവിതത്തിലെ ബാക്കി കാലം ഒരുമിച്ച് ജീവിക്കാനുള്ളതിന്‍റെ തുടക്കം ആഘോഷിക്കാനായില്ല. നമ്മുടെ ജീവതത്തിലെ ഏറ്റവും നല്ല ദിവസം ഏറ്റവും മോശമായി മാറി'' അന്‍റോണി പറഞ്ഞു.