ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിസാഹസത്തിന് മുതിര്‍ന്നത്.

ലോസാഞ്ചലസ്: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് നിലത്തേക്ക് ഇറങ്ങിയ യാത്രക്കാരന്‍ പിടിയില്‍. ലോസാഞ്ചലസിലെ സീറ്റിലിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. ശനിയാഴ്ച രാവിലെ പത്തേ മുക്കാലോടെ ഡെല്‍റ്റ വിമാനത്തിലാണ് സംഭവമുണ്ടായത്. ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിസാഹസത്തിന് മുതിര്‍ന്നത്. വിമാന ജീവനക്കാര്‍ പിടികൂടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റണ്‍വേയിലേക്ക് പുറപ്പെട്ട വിമാനം സംഭവത്തിന് പിന്നാലെ യാത്രക്കാരെ പുറത്തിറക്കിയ ശേഷം പുതിയ വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്തി നല്‍കുകയായിരുന്നു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിന് ഡെല്‍റ്റ എയര്‍ലൈന്‍ ക്ഷമാപണം നടത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന കമ്പനി.

മാര്‍ച്ച് ആദ്യവാരവും ലോസാഞ്ചലസില്‍ വിമാനത്തില്‍ ദുരനുഭവമുണ്ടായിരുന്നു. വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ക്യാബിന്‍ അംഗത്തെ കഴുത്തറക്കാന്‍ ശ്രമിക്കുകയും ചെയ്ത യാത്രക്കാരന്‍ പിടിയിലായിരുന്നു. മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള 33-കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലാൻഡിംഗിന് ഏകദേശം 45 മിനിറ്റ് മുമ്പ്, വിമാനത്തിന്റെ ഒരു വശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതായി ജീവനക്കാർക്ക് കോക്ക്പിറ്റിൽ അലാറം ലഭിച്ചു. പരിശോധനയിൽ, എമർജൻസി വാതിലിന്റെ ലോക്കിംഗ് ഹാൻഡിൽ നീക്കിയതായും എമർജൻസി സ്ലൈഡ് ലിവർ സ്ഥാനം മാറിയതായും കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി മാസത്തില് തായ്‍ലന്‍റില്‍ നിന്നും 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാർട്ടർ കമ്പനിയായ അസുർ എയറിന്‍റെ 26 വർഷം പഴക്കമുള്ള ബോയിങ്ങ് 767 - 306ER എന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എഞ്ചിന്‍ തീ പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി.