ലോസ് ആഞ്ചൽസ്: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കാമുകിയോട് വിവാഹാഭ്യർഥന നടത്തുന്നതിനെക്കാൾ മനോഹരമായ സ്വപ്നം മറ്റെന്താണുള്ളത്? അത്തരമൊരു സ്വപ്നം സാധിപ്പിച്ചെടുത്തിരിക്കുകയാണ് ലോസ് ആഞ്ചൽസിൽനിന്നുള്ളൊരു യുവാവ്. ആനിമേഷൻ സിനിമ കാണുന്നതിനിടെയായിരുന്നു തിയറ്ററിൽവച്ച് യുവാവ് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്.

ഡിസ്നി നിർമ്മിച്ച 'സ്ലീപ്പിങ് ബ്യൂട്ടി' എന്ന ചിത്രം കാണാനായിരുന്നു ലീ ലോച്ചറും കാമുകിയും തിയറ്ററിൽ എത്തിയത്. ചിത്രത്തിലെ നായകൻ കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന രം​ഗത്തിനൊപ്പം തന്നെ ലീ തന്റെ കാമുകി സ്തുതിയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. തിയേറ്ററി‌ൽവച്ച് ലീ തന്നോട് വിവാഹാഭ്യർഥന നടത്തിയത് കണ്ട് ‍ഞെട്ടിയിരിക്കുന്നതിനിടെയായിരുന്നു യുവതി സിനിമ കാണാൻ‌ എത്തിയവരെ ശ്രദ്ധിക്കുന്നത്. 

ലീയുടെയും സ്തുതിയുടെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു തിയറ്റർ മുഴുവൻ. തനിക്ക് നൽകിയ സർപ്രൈസ് കണ്ട് അമ്പരന്നിരിക്കുകയായിരുന്നു സ്തുതി. ഇതിനിടെ ലീ, സ്തുതിക്ക് നേരെ വിവാഹ മോതിരം നീട്ടികൊണ്ട് ചോദിച്ചു, എന്നെ വിവാഹം കഴിക്കാമോ?. ലീയുടെ ചോദ്യം തീരുന്നതിന് മുമ്പ് സ്തുതി സമ്മതംമൂളുകയായിരുന്നു. വലിയ ആരവത്തോടും ആർപ്പുവിളിയോടുംകൂടിയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ഈ സന്തോഷം ആഘോഷിച്ചത്.

ആറ് മാസം മുമ്പ് ഡിസൈനറായ കയ്ല കൂമ്പ്സുമായി ചേർന്ന് ആലോചിച്ചാണ് ലീ തിയറ്ററിൽവച്ച് വിവാഹാഭ്യർഥന നടത്താനുള്ള പദ്ധതിയിട്ടത്. സിനിമയിലെ നായികയ്ക്ക് അവസാന സീനുകളില്‍ സ്തുതിയുടേയും നായകന് ലീയുടേയും മുഖമായിരുന്നു. ഇത് കണ്ട് അമ്പരക്കുന്നതിന് ഇടയിലാണ് വിവാഹാഭ്യര്‍ത്ഥന. സ്ലീപ്പിങ് ബ്യൂട്ടിയിലെ കാമുകൻ തന്റെ കയ്യിൽ കരുതി മോതിരം പുറത്തെടുത്ത് പെട്ടി പുറത്തേക്ക് എറിയുന്ന സന്ദർഭത്തിൽ ലീ തന്റെ മോതിരം സൂക്ഷിച്ച പെട്ടി പുറത്തെടുക്കാനായിരുന്നു തീരുമാനിച്ചത്. പദ്ധതിപ്രകാരം കറക്ട് സമയത്ത് തന്നെ ലീ തന്റെ പോക്കറ്റിൽ കരുതിയ മോതിരം പുറത്തെടുക്കുകയും സ്തുതിക്ക് നേരെ നീട്ടുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് തിയറ്ററിൽ നേരത്തെ സന്നിതരായ ബന്ധുക്കളും സുഹൃത്തുക്കളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ആശംസകൾ നേരുകയും ചെയ്തത്. ഏതായാലും ലീയുടെ വിവാഹാഭ്യർഥനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.  ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയത്.