സുഹൃത്തിന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. വഴി തെറ്റിയതിന് പിന്നാലെ കാറുമായി മുന്നോട്ട് പോകുമ്പോഴാണ് മുന്നിലെ വീട്ടിനുള്ളില്‍ തീ പടരുന്നത് യുവാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

സുഹൃത്തിന്‍റെ വീട്ടിലേക്കുള്ള വഴി ചെറുതായൊന്ന് തെറ്റിയതിന് പിന്നാലെ യുവാവ് രക്ഷിച്ചത് നാല് സഹോദരങ്ങളെ. അമേരിക്കയിലെ ലോവയിലുള്ള റെഡ് ഓക്കിലാണ് സംഭവം. ബ്രെന്‍ഡന്‍ ബ്രിട്ട് എന്ന ഇരുപത്തിയാറുകാരനാണ് അഗ്നിക്ക് ഇരയായ വീട്ടില്‍ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. വഴി തെറ്റിയതിന് പിന്നാലെ കാറുമായി മുന്നോട്ട് പോകുമ്പോഴാണ് മുന്നിലെ വീട്ടിനുള്ളില്‍ തീ പടരുന്നത് യുവാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

പെട്ടന്ന് 911 നെ വിളിച്ച് വിവരം പറഞ്ഞ ശേഷമാണ് വീടിനുള്ളില്‍ ആളുണ്ടോയെന്ന സംശയം യുവാവിന് തോന്നുന്നത്. ഇതിനോടകം തന്നെ തീ വീടിന്‌ മുന്‍ഭാഗത്ത് വ്യാപിച്ചിരുന്നു. വീടിന് ചുറ്റും നടന്ന് വാതിലുകളിലും ജനാലകളില്‍ തട്ടി വിളിക്കുമ്പോഴാണ് വീട്ടിനുള്ളില്‍ നിന്ന് നിലവിളി ഉയരുന്നത് യുവാവ് കേള്‍ക്കുന്നത്. കൌമാരക്കാരായ രണ്ട് പെണ്കുട്ടികളും ഒരു ആണ്‍കുട്ടിയും സഹായത്തിനായി നിലവിളിക്കുന്നതും. വീടിന് പുറത്തിറങ്ങാനാവാതെ കുടുങ്ങിയതും യുവാവ് ജനലിലൂടെ കാണുന്നത്. ജനലില്‍ യുവാവിന്‍റെ തട്ട് കേട്ട് എഴുന്നേറ്റ കുട്ടികള്‍ വീട്ടിനുള്ളില്‍ തീ പടരുന്നത് കണ്ട് ഭയന്ന് നില്‍ക്കുകയായിരുന്നു. വീടിനി പിന്‍വശത്തെ വാതില്‍ ഒരു വിധത്തില്‍ യുവാവ് തുറന്നു. ആ വാതിലിലൂടെ പുറത്തേക്ക് വന്ന കുട്ടികള്‍ സഹോദരന്‍ അകത്തുണ്ടെന്ന് യുവാവിനോട് പറഞ്ഞു.

ഇതോടെയാണ് ഇരുപത്തിയാറുകാരന്‍ മറ്റൊന്നും ആലോചിക്കാതെ അഗ്നി പടരുന്ന വീട്ടിനുള്ളിലേക്ക് ഓടിക്കയറിയത്. ചുറ്റിലും തീ പടര്‍ന്ന നിലയിലാണ് നാലാമനെ യുവാവ് കണ്ടെത്തിയത്. കുട്ടിയെ വീടിന് പുറത്തേക്ക് വല്ലവിധേനെയും എത്തിക്കുമ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. 22കാരിയായ ബ്രെയ്സ്, 17 കാരിയായ കിന്‍ഡ്രഡ്, 14കാരനായ സ്പിരിറ്റ്. എട്ട് വയസുകാരനായ ക്രിസ്റ്റഫര്‍ എന്നിവരെയാണ് യുവാവ് രക്ഷപ്പെടുത്തിയത്. തീ പടര്‍ന്നതറിയാതെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍.

കുടുബത്തിലെ ഒരു അത്യാവശ്യം വന്നതിനാല് മക്കളെ വീട്ടിലാക്കി മൊണ്ടാനയിലേക്ക് പോയതായിരുന്നു ഇവരുടെ അമ്മ ടെന്‍ഡര്‍ ലേമാന്‍. 22കാരിയായ ബ്രെയ്സിനെ സഹോദരങ്ങളെ ഏല്‍പ്പിച്ച പിതാവ് ജോലി സ്ഥലത്തേക്കും പോയിരുന്ന സമയത്താണ് വീട്ടില്‍ തീ പടര്‍ന്നത്. വീട്ടുകാരെ രക്ഷിച്ചെങ്കിലും ഇവരുടെ അഞ്ച് വളര്‍ത്തുനായകളാണ് അഗ്നി ബാധയില് കൊല്ലപ്പെട്ടത്. റാപ്പ്, ഹിപ്പ് ഹോപ്പ് ഗായകനാണ് യുവാവ്.