ന്യൂയോർക്ക്: കഞ്ചാവ് കേസിലെ പ്രതിയെ വിചാരണക്കായി എത്തിച്ചപ്പോൾ കോടതി മുറിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. അമേരിക്കയിലെ ടെന്നസിയിലെ വിൽസൺ കൗണ്ടിയിലുള്ള കോടതിയിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. 20 വയസുള്ള സ്പെൻസർ ബോസ്റ്റൺ എന്ന യുവാവാണ് പ്രതി.

കഞ്ചാവ് കേസിൽ പിടികൂടിയ സ്പെൻസർ ബോസ്റ്റണിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. വിചാരണക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. സ്പെൻസർ കോടതിക്കുള്ളിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്നു. ഇതോടെ ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. 

വിചാരണ സമയത്ത് എങ്ങനെയാണ് താൻ അറസ്റ്റിലായതെന്ന് സ്പെൻസർ കോടതിയോട് വിശദീകരിക്കുകയായിരുന്നു. ഇക്കാര്യം പറയുന്നതിനൊപ്പം പോക്കറ്റിൽ നിന്ന് കഞ്ചാവ് സിഗരറ്റ് പുറത്തെടുത്ത് ഇയാൾ വലിക്കുകയും ചെയ്തു. ഒപ്പം കഞ്ചാവ് നിയമവിധേയമാക്കണമെന്നും ഇയാൾ കോടതിയോട് ആവശ്യപ്പെട്ടു. പിന്നാലെ പൊലീസ് സ്പെൻസറെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.