മാഞ്ചസ്റ്റര്‍: വീട് കുത്തിതുറന്ന് കാർ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാത്യു അലക്സാണ്ടർ എന്ന ഇരുപത്തിരണ്ടുകാരനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ കാണാൻ 34 മൈൽ ദൂരം നടന്ന് തളർന്നപ്പോൾ‌ ലക്ഷ്യസ്ഥാനത്തെത്തുന്നതിനാണ് താൻ കാർ മോഷ്ടിച്ചതെന്നാണ് അലക്സാണ്ടർ പൊലീസിൽ മൊഴി നൽകിയത്. ഇം​ഗ്ലണ്ടിലെ ലങ്കാഷയറിൽ കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം.

മോഷണകുറ്റത്തിന് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അലക്സാണ്ടർ മാഞ്ചസ്റ്ററിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മാഞ്ചസ്റ്ററിലെ കോൾണ് വരെ നടക്കാൻ തീരുമാനിച്ച താൻ 34 മൈൽ നടന്നപ്പോഴേക്കും തളർന്നു. പിന്നീട് സു​ഹൃത്തിന്റെ വീട്ടിലെത്തുന്നതിന് വേണ്ടി തന്റെ മുന്നിൽകണ്ട വീട് കുത്തിതുറന്ന് കാർ മോഷ്ടിക്കുകയായിരുന്നുവെന്ന് അലക്സാണ്ടർ പറഞ്ഞു. 

2018 ഡിസംബർ 11-ന് പുലർച്ചെ 3.45നായിരുന്നു സംഭവം. താനും കുടുംബവും ഉറങ്ങി കിടക്കുമ്പോഴാണ് പ്രതി കാർ മോഷ്ടിച്ച് കടന്ന കളഞ്ഞതെന്ന് കാറുടമ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അലക്സാണ്ടർ കാർ മോഷ്ടിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. 

അതേസമയം, കാറിൽനിന്ന് ലഭിച്ച പേഴ്സിൽ ഉണ്ടായിരുന്ന എടിഎം കാർഡ് ഉപയോ​ഗിച്ച് അലക്സാണ്ടർ ഷോപ്പിങ് നടത്തിയതായി പൊലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം നാല് മാസം കഴിഞ്ഞാണ് അലക്സാണ്ടറെ പൊലീസ് പിടികൂടിയത്. കാർ മോഷണമടക്കം 28 കേസുകളിലായി 15 തവണ ജയിൽശിക്ഷ അനുഭവിച്ച കൊടുംകുറ്റവാളിയാണ് പ്രതി. കേസിൽ 30 മാസം ജയിൽശിക്ഷയാണ് പ്രതിക്ക് കോടതി വിധിച്ചിരിക്കുന്നത്.