ടോക്കിയോ: കുഞ്ഞുങ്ങളെ വീട്ടിലാക്കി ജോലിക്കു പോകാൻ അമ്മമാർക്ക് വലിയ സങ്കടമുള്ള കാര്യമാണ്. കുഞ്ഞ് എന്ത് ചെയ്യുകയായിരിക്കും? ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? കരയുകയായിരിക്കുമോ? തുടങ്ങി ജോലി സ്ഥലത്തെത്തിയാലും നൂറുകൂട്ടും ആധിയായിരിക്കും അമ്മമാർക്ക്. അതുപോലെ അമ്മയുടെ അസാന്നിധ്യം കുട്ടികളെയും വളരെയധികം പ്രശ്നത്തിലാക്കും. എന്നാൽ, അമ്മയുടെ അസാന്നിധ്യത്തിൽ കുട്ടികളെ എങ്ങനെ കൂളായി നിർത്താമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഒരു ജപ്പാൻക്കാരൻ.

അമ്മ അടുത്തില്ലാത്തപ്പോൾ നിലവിളിച്ച് കരയുന്ന തന്റെ ഒരു വയസ്സുള്ള മകനെ അമ്മയുടെ കട്ടൗട്ട് കാണിച്ചാണ് യുവാവ് സമാധാനിപ്പിക്കുന്നത്. വീടിന്റെ വിവിധ ഭാ​ഗങ്ങളിൽ ഒറ്റനോട്ടത്തിൽ അമ്മയാണെന്ന് തോന്നിക്കുന്ന അമ്മയുടെ അതേ വലിപ്പത്തിലുള്ള കട്ടൗട്ടുകളാണ് യുവാവ് സ്ഥാപിച്ചത്. അമ്മയുടെ കട്ടൗട്ട് നോക്കി നിൽക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സാതോ നെസി എന്ന ഉപഭോക്താവാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

കളിക്കിടയിൽ ഇടയ്ക്കിടയ്ക്ക് അമ്മയാണെന്ന് തെറ്റിധരിച്ച് കട്ടൗട്ടിലേക്ക് തന്നെ കുസൃതിയോടെ നോക്കുന്ന കുഞ്ഞിന്റെ വീഡിയോ ഇരുകയ്യും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. തനിക്കൊപ്പം നിൽക്കുന്നത് യഥാർതഥത്തിലുള്ള അമ്മ തന്നയാണെന്ന് കരുതി ആർത്തുല്ലസിക്കുകയാണ് കുട്ടി. അമ്മയുടെ കട്ടൗട്ട് ഉള്ളതിനാൽ കുഞ്ഞ് കരയുകയോ വാശിപിടിക്കുകയോ ചെയ്യാറില്ലെന്ന് യുവാവ് പറഞ്ഞു. അതേസമയം, ഇതുവരെ ഇത് യഥാർത്ഥ അമ്മയല്ലെന്ന് കുഞ്ഞ് തിരിച്ചറിഞ്ഞിട്ടില്ല. ഇത് അമ്മയുടെ വെറും കട്ടൗട്ട് മാത്രമാണെന്ന് തിരിച്ചറിയുന്ന നിമിഷം എന്ത് സംഭവിക്കുമെന്ന് ആശങ്കയിലാണ് താനെന്നും യുവാവ് പറഞ്ഞു.