വെളുത്തവര്‍ഗക്കാരുടെ വരേണ്യചിന്തയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഇതാദ്യമായാണ് കാനഡിയില്‍ തീവ്രവാദ പ്രേരണ കൂടി പരിഗണിക്കാന്‍ ഒരു കോടതിക്ക് മുമ്പാകെ ആവശ്യമുയരുന്നത്. 

ഒട്ടാവ: വൈകുന്നേരം നടക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് 'കൊല്ലാനായി മുസ്ലിംകളെ തേടി കണ്ടെത്തുകയായിരുന്നു' എന്ന് പ്രോസിക്യൂഷന്‍. 2017ല്‍ ഒന്റാറിയോയില്‍ നടന്ന കൂട്ടക്കൊലയുടെ വിചാരണയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഇപ്പോള്‍ 22 വയസ് പ്രായമുള്ള നഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന കനേഡിയന്‍ പൗരനാണ് കൊലപാതകം നടത്തിയത്.

പ്രതിക്ക് നേരെ ചുമത്തിയ നാല് കൊലക്കുറ്റങ്ങളും ആസൂത്രിതമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതിന് പുറമെ ഒരു കൊലപാതകശ്രമത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്. വെളുത്തവര്‍ഗക്കാരുടെ വരേണ്യചിന്തയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഇതാദ്യമായാണ് കാനഡിയില്‍ തീവ്രവാദ പ്രേരണ കൂടി പരിഗണിക്കാന്‍ ഒരു കോടതിക്ക് മുമ്പാകെ ആവശ്യമുയരുന്നത്. അതേസമയം നാല് പേരുടെ മരണങ്ങളില്‍ പ്രതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമ്മതിക്കുമ്പോഴും മനഃപൂര്‍വമല്ലാത്ത നരഹത്യയായി പരിഗണിക്കണമെന്നാണ് വെല്‍റ്റ്മാന്റെ അഭിഭാഷകര്‍ വാദിച്ചത്. 

എന്നാല്‍ പൊലീസിനോട് പ്രതി നടത്തിയ കുറ്റ സമ്മത മൊഴി ഉള്‍പ്പെടെ ഇയാളെ ശിക്ഷിക്കാന്‍ ആവശ്യമായ എല്ലാം തങ്ങളുടെ പക്കലുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. വെല്‍റ്റ്മാന്‍ ഒരു തീവ്രവാദ പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. ഇത് ഇയാളുടെ കംപ്യൂട്ടറില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. അതില്‍ വെളുത്തവര്‍ഗക്കാരുടെ ദേശീയ വികാരവും മുസ്ലിംകളോടുള്ള വെറുപ്പും കൃത്യമായി വിവരിച്ചിട്ടുമുണ്ട്. കൊലപാതകം നടത്തുന്നതിന് മുമ്പ് സൈനിക വേഷം ധരിച്ച് ഹെല്‍മറ്റ് അണിഞ്ഞാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് കൊലപ്പെടുത്താനായി മുസ്ലിംകളെ തേടി നടക്കുകയായിരുന്നു എന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Read also: ക്രൂരത ചിക്കാഗോയിലെ പള്ളിമുറ്റത്ത്, അമൽ വെടിയുതിർത്തത് ക്ലോസ് റേഞ്ചിൽ; ഗർഭിണിയായ മീരയുടെ നില ഗുരുതരം

ലണ്ടന്‍ സ്ട്രീറ്റില്‍ വെച്ചാണ് ഒരു മുസ്ലിം കുടുബത്തെ കണ്ടെത്തിയത്. ഇതോടെ ട്രക്ക് തിരിച്ച് അവര്‍ക്ക് നേരെ നിര്‍ത്തി. തുടര്‍ന്ന് അമിത വേഗത്തില്‍ മുന്നോട്ടെടുത്ത് അവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. സല്‍മാന്‍ അഫ്സാല്‍ (46), ഭാര്യ മദിഹ സല്‍മാന്‍ (44), മകള്‍ യുംന (15) അമ്മ തലാത്ത് അഫ്സാല്‍ (74) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പത് വയസുകാരന് ഗുരുതര പരിക്കേറ്റു. കുട്ടി പിന്നീട് രക്ഷപ്പെട്ടെങ്കിലും വീട്ടുകാരെല്ലാം മരണപ്പെട്ടതിനാല്‍ അനാഥനായി മാറി. തൊട്ടടുത്ത പാര്‍ക്കിങ് ലോട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുസ്ലിം കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ ഒരു സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറ‌ഞ്ഞു. ഈ രാജ്യം വിട്ടുപോകണമെന്നും അല്ലെങ്കില്‍ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും ആയിരിക്കും അടുത്തത് എന്ന സന്ദേശമാണ് പ്രതി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

എന്നാല്‍ പ്രതിക്ക് മാനസിക രോഗമുണ്ടെന്നും കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന മാനസിക പ്രയാസങ്ങള്‍ അയാളെ സമ്മര്‍ദത്തിലേക്കും ഉത്കണ്ഠയിലേക്കും തള്ളിവിട്ടെന്നും പ്രതിഭാഗം വാദിച്ചു. ഇതിന് പുറമെ കൊലപാതകത്തിന് മുമ്പ് ഇയാള്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു. ശരിയായ ബോധത്തിലല്ല കുറ്റകൃത്യം നടത്തിയതെന്നും മരണത്തിന് ഉത്തരവാദി ആണെങ്കിലും അത് പദ്ധതിയിട്ട് നടപ്പാക്കാനും തീവ്രവാദ പ്രവര്‍ത്തനം നടത്താനും വേണ്ട മാനസിക സ്ഥിരത അയാള്‍ക്ക് ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

കൊലപാതകം തെളിഞ്ഞാല്‍ ജീവപര്യന്തം തടവും മനഃപൂര്‍വമല്ലാത്ത നരഹത്യയായാണ് കേസ് അംഗീകരിക്കപ്പെടുന്നതെങ്കില്‍ ഏഴ് വര്‍ഷം വരെ തടവുമായിരിക്കും പ്രതിക്ക് ശിക്ഷ ലഭിക്കുക. 2017ല്‍ ക്യുബെക് സിറ്റിയിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം കാനഡയില്‍ നടന്ന ഏറ്റവും വലിയ മുസ്ലിം വിരുദ്ധ ആക്രമണമായിരുന്നു ഈ സംഭവം. 2017ലെ ആക്രമണത്തിന് ആറ് പേര്‍ മരിച്ചെങ്കിലും തീവ്രവാദ കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...