ലോട്ടറി പണം മുഴുവൻ ഒരു വനിതാ ലൈവ് സ്ട്രീമർക്കായി ചിലവഴിച്ചതോടെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. പണം നഷ്ടപ്പെട്ടതോടെ ലോട്ടറി അടിക്കേണ്ടിയിരുന്നില്ല എന്ന് യുവാവ് ഇപ്പോൾ ഖേദിക്കുന്നു.

ബീജിങ്: ലോട്ടറി അടിച്ചാൽ ജീവിതം രക്ഷപ്പെടുമെന്നാണ് നമ്മളെല്ലാം കേട്ടിട്ടുള്ളതും അനുഭവവും. എന്നാൽ തീർത്തും വ്യത്യസ്തമായൊരും അനുഭവ കഥയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. 10 ദശലക്ഷം യുവാൻ (ഏകദേശം 12 കോടി രൂപ) ലോട്ടറി അടിച്ചതോടെ കിഴക്കൻ ചൈനയിലെ ഒരു യുവാവിന് തൻ്റെ ദാമ്പത്യ ജീവിതം തന്നെ കൈവിട്ടു പോയി എന്നതാണ് വാർത്ത. ലോട്ടറി അടിച്ച പണം മുഴുവൻ ഒരു വനിതാ ലൈവ് സ്ട്രീമർക്കായി ചിലവഴിച്ചതോടെയാണ് ഇയാളുടെ ജീവിതം വീണ്ടും വഴിമുട്ടിയത്.

ലോട്ടറി പണം ഉപയോഗിച്ച് പുതിയൊരു ബന്ധം ഉണ്ടാക്കാനും,ണത്തിലൂടെ പ്രായത്തെ മറികടക്കാനും ശ്രമിച്ച യുവാവിന്റേതാണ് കഥ. ഇയാളുടെ ഭാര്യ യുവാൻ ഹെനാൻ ടിവിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സംഭവം പുറത്തുവന്നത്. ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.ഷാൻഡോങ് പ്രവിശ്യയിലെ ടെസൗവിൽ താമസിക്കുന്ന ഇരുവരും 2016-ലാണ് വിവാഹിതരായത്. 2024 ഡിസംബർ 17-ന് ഭർത്താവിന് 10.17 ദശലക്ഷം യുവാൻ (ഏകദേശം 12.18 കോടി രൂപ) ലോട്ടറിയടിച്ചപ്പോൾ ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു. നികുതി കിഴിച്ച് ഇയാൾക്ക് ആകെ ലഭിച്ചത് 8.14 ദശലക്ഷം യുവാൻ (ഏകദേശം 9.75 കോടി രൂപ) ആയിരുന്നു.

ലഭിച്ച പണം കൊണ്ട് എന്തുവേണമെങ്കിലും വാങ്ങിക്കോളാൻ ഭർത്താവ് തന്നോട് പറഞ്ഞതായി യുവാൻ ഓർക്കുന്നു. കൂടാതെ, പൊതുവായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ 3 ദശലക്ഷം യുവാൻ (ഏകദേശം 3.59 കോടി രൂപ) ഉണ്ടായിരുന്ന ഒരു ബാങ്ക് കാർഡും ഭർത്താവ് നൽകി. ഭർത്താവിനെ വിശ്വസിച്ച് യുവാൻ ബാലൻസ് പരിശോധിക്കാതെ ആ കാർഡ് ഒരു ഡ്രോയറിൽ സുരക്ഷിതമായി വെച്ചു.

എന്നാൽ, ലോട്ടറിയടിച്ചതിന് പിന്നാലെ ഭർത്താവിൻ്റെ പെരുമാറ്റം പെട്ടെന്ന് മാറി. ഭാര്യക്ക് പണം നൽകുന്നത് നിർത്തിയ അയാൾ, ചൂതാട്ടത്തിൽ മുഴുകി. രാത്രി വൈകുംവരെ വനിതാ ലൈവ് സ്ട്രീമർമാരുടെ പരിപാടികൾ കാണാൻ തുടങ്ങുകയും ചെയ്തു. അവർക്ക് സ്ഥിരമായി ടിപ്പുകൾ നൽകി. ഒരു ലൈവ് സ്ട്രീമർക്ക് മാത്രം ഇയാൾ ഞെട്ടിക്കുന്ന തുകയായ 1.2 ദശലക്ഷം യുവാൻ (ഏകദേശം 1.43 കോടി രൂപ) നൽകിയെന്നും ഭാര്യ പറയുന്നു.

ജൂലൈ മാസത്തിൽ, ആ ലൈവ് സ്ട്രീമറോടൊപ്പം നാല് ദിവസത്തെ യാത്ര പോകുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭർത്താവിനെ യുവാൻ കൈയോടെ പിടികൂടി. ഭാര്യ കണ്ടെടുത്ത ഇവരുടെ ചാറ്റുകളിൽ, ഭർത്താവ് അവിഹിതമായ ബന്ധം ലൈവ് സ്ട്രീമറോടൊപ്പം സൂക്ഷിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് ഭർത്താവ് തനിക്കായി നൽകിയ ബാങ്ക് അക്കൗണ്ടിൽ പണം ഇല്ലായിരുന്നു എന്ന് യുവാൻ മനസ്സിലാക്കിയത്. 'താങ്കൾ എന്നോട് വളരെ അനീതി കാണിച്ചു. ഞാൻ നമ്മുടെ കുടുംബത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു. നിങ്ങൾക്ക് ഒരൽപ്പം മനസ്സാക്ഷിയെങ്കിലും ഉണ്ടോ?' എന്ന് ചോദിച്ചുവെന്നും യുവാൻ പറയുന്നു.

'ലോട്ടറി അടിക്കുന്നതിനുമുമ്പ് ജീവിതകാലം മുഴുവൻ അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അയാൾ എന്നെ ഒറ്റ നിമിഷം കൊണ്ട് ചതിച്ചു. തന്റെ കുട്ടിയെ പ്രസവിക്കാൻ ഒരു ലൈവ് സ്ട്രീമറെ കണ്ടെത്താൻ ആഗ്രഹിക്കുന്നു എന്ന് പോലും അദ്ദേഹം ഒരിക്കൽ പറഞ്ഞു. അദ്ദേഹത്തിന് ലോട്ടറി അടിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, എന്നും യുവാൻ കൂട്ടിച്ചേർത്തു. പണമെല്ലാം തീർന്നു, ലോട്ടറി അടിക്കേണ്ടിയിരുന്നില്ല എന്നാണ് തനിക്കും തോന്നുന്നതെന്നും, എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും യുവാന്റെ പങ്കാളി പ്രതികരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.