മുഖത്തിന്‍റെ പാതിയും വലതുകണ്ണിന്‍റെ കാഴ്ചയും കൊണ്ടുപോയ കാന്‍സര്‍ നീക്കം ചെയ്ത് അറുപതുകാരന്‍. നേപ്പാള്‍ സ്വദേശിയായ അശോക് ശ്രേഷ്ഠയാണ് ജീവിത്തതിലെ വലിയൊരു പങ്കും നിരവധിപ്പേരുടെ പരിഹാസത്തിന് കാരണമായ കാന്‍സറിനെ അറുപതാം വയസില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. കാഠ്മണ്ഠു സ്വദേശിയായ അശോകിന്‍റെ രൂപം മറ്റുള്ളവരില്‍ ഭയം ജനിപ്പികകുന്നതായിരുന്നു.

ചെകുത്താന്‍ എന്ന പരിഹാസ വിളിക്കാണ് അറുതിയാവുന്നതെന്നാണ് അശോക് അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. വളരെ അപൂര്‍വ്വമായി കാണുന്ന ജനിതക തകരാറ് മൂലമാണ് അശോകിന്‍റെ മുഖത്തിന്‍റെ വലിയൊരു ഭാഗത്തിലും മുഴകള്‍ നിറഞ്ഞത്. കണ്ണും മുഖവും മൂക്കുമൊന്നും തിരിച്ചറിയാത്ത രീതിയിലായിരുന്നു കാന്‍സര്‍ വളര്‍ച്ച. രണ്ട് വയസ് പ്രായം മുതലാണ് അശോകിന്‍റെ മുഖത്ത് മുഴകള്‍ കാണാന്‍ ആരംഭിച്ചത്. മുഖത്തിന്‍റെ പകുതിയും വലതുകണ്ണിന്‍റെ കാഴ്ചയും ഈ അസുഖം മൂലം നഷ്ടമായി. ആറ് ഇഞ്ചോളം നീളമുള്ള മുഴകളായിരുന്നു അശോകിന്‍റെ മുഖത്തുണ്ടായിരുന്നത്. 

1989ല്‍ സര്‍ജറി ചെയ്ത് മുഴകള്‍ നീക്കിയിരുന്നെങ്കിലും മുഴകള്‍ വരുന്നത് കുറഞ്ഞില്ല. പലപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും അനുമതി കൂടാതെ ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചെന്നും അശോക് പറയുന്നു. അക്കൌണ്ടന്‍റായി സേവനം ചെയ്തിരുന്ന അശോകിന്‍റെ മുഖത്ത് 30വയസ് പ്രായത്തില്‍ അറിഞ്ചോളം നീളമുള്ള മുഴകളാണ് ഉണ്ടായിരുന്നത്. തൊഴിലിടത്തില്‍ ഏറെ അപമാനം നേരിടേണ്ടി വന്നതോടെ അയാള്‍ ജോലി ഉപേക്ഷിച്ച് ഹോട്ടല്‍ തൊഴിലാളിയായിരുന്നു.