ഇരു പാർട്ടികളും പിന്തുണ പിൻവലിച്ചാൽ നെതന്യാഹു സർക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടമാകും.
ടെൽ അവിവ്: ഇസ്രയേലിൽ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാർട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. മതവിദ്യാർത്ഥികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്. നിർബന്ധിത സൈനിക സേവനത്തിൽ നൽകിയിരുന്ന ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴ് അംഗങ്ങളിൽ ആറ് പേരും രാജിക്കത്ത് നൽകിയത്.
മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസും സർക്കാർ തിരുത്തിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ നഷ്ടമാകും. 48 മണിക്കൂർ സമയമാണ് ഈ പാർട്ടികൾ തീരുമാനം പുനപരിശോധിക്കാൻ നെതന്യാഹുവിന് നൽകിയിരിക്കുന്നത്. മത വിദ്യാർഥികൾക്ക് ഇതുവരെ നൽകിയിരുന്ന ഇളവ് പുനപരിശോധിക്കാൻ നേരത്തെ ഇസ്രയേൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നെതന്യാഹുവിന്റെ പാർട്ടിയും എല്ലാ ഇസ്രയേലികൾക്കും നിർബന്ധ സൈനിക സേവനം വേണമെന്ന നിലപാടിലാണ്.
ഹമാസുമായി 60 ദിവസത്തെ വെടിനിർത്തൽ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് നെതന്യാഹുവിനെ സമ്മർദത്തിലാക്കി യാഥാസ്ഥിക പക്ഷത്തിന്‍റെ വെല്ലുവിളി വന്നിരിക്കുന്നത്. ജൂത വേദഗ്രന്ഥങ്ങൾ പഠിക്കുന്നവർക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവു നൽകുന്നതാണ് നിലവിലെ സൈനിക നിയമം. എന്നാൽ ഗസയിലെ യുദ്ധം തുടങ്ങിയിട്ട് രണ്ട് വർഷമാകാനിരിക്കെ സൈനിക ശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരട് നയം അവതരിപ്പിച്ചത്. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് രണ്ട് ഘടക കക്ഷികളും വ്യക്തമാക്കിയത്. 1948 മുതൽ നിലവിലുള്ള സൈനിക നയത്തിലാണ് സർക്കാർ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. മുഴുവൻ സമയ മത പഠനത്തിൽ ഏർപ്പെട്ടിരുന്നവരെ തുടക്കം മുതൽ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.


