ഓപ്പറേഷൻ സിന്ദൂർ സമയത്ത് ബ്രഹ്മോസ് മിസൈൽ പ്രധാന പങ്ക് വഹിച്ചതിന് ശേഷം 14-15 രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു

ലഖ്നൗ: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് മിസൈൽ വേണമെന്ന് 14-15 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ബ്രഹ്മോസ് മിസൈൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നാലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ നാഷണൽ പിജി കോളജിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രഭാനു ഗുപ്തയുടെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രാജ്നാഥ് സിങ് ഇക്കാര്യങ്ങൾ പറഞ്ഞത്. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ബ്രഹ്മോസ് മിസൈൽ അത്ഭുതകരമായ നേട്ടം കൈവരിച്ചു. ഇപ്പോൾ ഏകദേശം 14-15 രാജ്യങ്ങൾ ഈ മിസൈൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ബ്രഹ്മോസ് ലഖ്നൗവിൽ നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. ബ്രഹ്മോസ് പ്ലാന്റ് പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രഭാനു ഗുപ്ത സംസ്ഥാനത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് രാജ്‌നാഥ് സിങ് അനുസ്മരിച്ചു. ക്രമസമാധാനം ഉൾപ്പെടെ എല്ലാ മേഖലകളിലും ഉത്തർപ്രദേശ് ഇന്ന് ഒരു പുതിയ അധ്യായം രചിക്കുകയാണെന്ന് മന്ത്രി അവകാശപ്പെട്ടു. ഇന്ന് യുപിയിൽ ഒരു ക്രിമിനലിനും സ്വതന്ത്രമായി കറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, മോത്തിലാൽ മെമ്മോറിയൽ സൊസൈറ്റി പ്രസിഡന്റ് കൻവർ ഉജ്ജ്വൽ രാമൻ സിങ്, ഭാരത് സേവാ സൻസ്ഥാൻ പ്രസിഡന്റ് അശോക് വാജ്‌പേയി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.