Asianet News MalayalamAsianet News Malayalam

മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് ശേഷമുള്ള കൃതജ്ഞതാബലി ഇന്ന് വത്തിക്കാനിൽ

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 

Mariam Thresia to sainthood
Author
Vatican City, First Published Oct 14, 2019, 6:50 AM IST

വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലി ഇന്ന് റോമിൽ നടക്കും. ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് ചടങ്ങുകൾ നടക്കുക. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തിലാണ് പരിപാടി നടക്കുക. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി വചന സന്ദേശം നൽകും. കേരളത്തില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാരും വിശ്വാസികളും സന്യാസിനിമാരും ചടങ്ങില്‍ പങ്കെടുക്കും.

ആയിരക്കണക്കിന് ആളുകൾ സാക്ഷിയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഇന്നലെ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ചടങ്ങിലായിരുന്നു മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. മറിയം ത്രേസ്യയ്‌ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ചിഹ്നവും അംശവടിയും പിടിച്ചുകൊണ്ട് ഇരുന്നുകൊണ്ടാണ് അഞ്ചുപേരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.

Read More:മറിയം ത്രേസ്യ വിശുദ്ധ പദവിയിൽ; പ്രഖ്യാപനം നടത്തിയത് ഫ്രാൻസിസ് മാർപ്പാപ്പ

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യ. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘവും സാക്ഷികളായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു സംഘത്തിന്‍റെ തലവന്‍. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വത്തിക്കാന്‍റെ ചുമതലയുള്ള ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ടിഎൻ പ്രതാപൻ എംപി അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങൾ, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങൾ, വൈദികർ, അൽമായർ തുടങ്ങി കേരളത്തിൽ നിന്നെത്തിയ നിരവധി വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

Read More:വത്തിക്കാനിൽ ചരിത്ര നിമിഷത്തിന് സാക്ഷികളായി ഇന്ത്യൻ പ്രതിനിധി സംഘം, ഒപ്പം വി മുരളീധരനും

വിശുദ്ധ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ച ക്രിസ്റ്റഫറും ചടങ്ങുകളിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു. വിശുദ്ധപ്രഖ്യാപനത്തിൽ മലയാളത്തിലുള്ള പ്രാർത്ഥനയും ഗാനാർച്ചനയുമുണ്ടായിരുന്നു. വിശ്വാസികൾക്കുള്ള പ്രാർത്ഥന ചൊല്ലിയത് മലയാളിയായ ധന്യ തെരേസ് ആയിരുന്നു. ചടങ്ങുകൾക്ക് മുമ്പ് വി മുരളീധരൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  
 

Follow Us:
Download App:
  • android
  • ios