നിലവില്‍ അമരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണിയെ കാനഡക്കാര്‍ വിശേഷിപ്പിക്കുന്നത്.

ഒട്ടാവ: കാനഡയിൽ പുതിയ പ്രധാനമന്ത്രിയായി മാർക് കാർണി (59) ഇന്ന് അധികാരമേൽക്കും. ഈ ആഴ്ച ആദ്യമാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമായ കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തത്. പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യൻ സമയം രാത്രി 8.30) കാർണിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭാ യോഗം ചേരും. കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി വരുമ്പോൾ അവസാനിക്കുന്നത് ജസ്റ്റിൻ ട്രൂഡോയുടെ പത്ത് വർഷത്തെ ഭരണമാണ്. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോയുടെ പടിയിറക്കം. ഇതിന് പിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. ഒന്നരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ പരാജയപ്പെടുത്തി, 86 ശതമാനത്തോളം വോട്ട് നേടിയാണ് കാർണിയുടെ വിജയം. ട്രംപിന്‍റെ രണ്ടാം വരവോടെ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഉലച്ചിലിൽ കാർണിയുടെ നിലപാടുകൾ നിർണായകമാവും.

നിലവില്‍ അമരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണിയെ കാനഡക്കാര്‍ വിശേഷിപ്പിക്കുന്നത്. കാനഡ അമേരിക്കയുടെ സംസ്ഥാനം ആകണമെന്ന വാദം ട്രംപ് ആവർത്തിക്കുമ്പോൾ ട്രംപിന്റെ നയങ്ങളുടെ ആഘാതം എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ചയാളാണ് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 

2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചതിലൂടെ ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കാര്‍ണിയുടെ പ്രശസ്തി വര്‍ധിച്ചിരുന്നു. ട്രംപ് അധികാരമേറ്റതിന് ശേഷം രൂക്ഷമായ വ്യാപാര യുദ്ധമാണ് കാർണിയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുന്നതും പ്രധാനമാണ്. കുടിയേറ്റമടക്കമുള്ള വിഷയങ്ങളിൽ കാർണിയുടെ നിലപാട് ഇന്ത്യയ്ക്കും നിർണയാകമാകും. 

Read More : ട്രെയിൻ റാഞ്ചൽ: ഇന്ത്യയാണ് സ്പോൺസർ ചെയ്തതെന്ന ആരോപണവുമായി പാകിസ്ഥാൻ