ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം നവാസിനെ കള്ളപ്പണക്കേസില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍റ് ചെയ്തു.  ബുധനാഴ്ചയാണ് മറിയത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മറിയത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അപേക്ഷ തള്ളിയാണ് ജഡ്ജി അമീര്‍ ഖാന്‍ മറിയത്തെ റിമാന്‍റ് ചെയ്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന് മറിയത്തെ കോട്ട് ലഖ്പത് ജയിലിലേക്ക് മാറ്റി.

അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം ശിക്ഷ അനുഭവിക്കുന്ന ജയിലാണ് കോട്ട് ലഖ്പത്. ആഗസ്റ്റ് എട്ടിന് പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മറിയത്തെ  അറസ്റ്റ് ചെയ്തത്. ഷെരീഫിന്‍റെ ബന്ധുവായ യൂസഫ് അബ്ബാസിനെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗധരി ഷുഗര്‍ മില്ലിനെ ഷെരീഫ് കുടുംബം ഉപയോഗിച്ചെന്നാണ് കേസ്.