ആയിരക്കണക്കിന് ആളുകളെ ഇവിടെ മറവ് ചെയ്തതായാണ് സംശയിക്കുന്നത്. യസീദി വിഭാഗത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തും നിരവധി ആളുകളെ തലയറുത്തുമായിരുന്നു മേഖലയിലെ ഐഎസ് ഭരണം

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ ഉപേക്ഷിച്ച കൂട്ടക്കുഴിമാടത്തിൽ ഇറാഖ് തുറന്ന് പരിശോധന ആരംഭിച്ചു. ഐഎസ് ഭീകരർ അവരുടെ സ്വയം പ്രഖ്യാപിത ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിന് തൊട്ടടുത്താണ് കൂട്ടക്കുഴിമാടം സ്ഥിതി ചെയ്യുന്നത്. ഫൊറൻസിക് വിദഗ്ധർ, കോടതി എന്നിവയുടെ സാന്നിധ്യത്തിലാണ് ഒരു ദശാബ്ദത്തിന് മുൻപുള്ള കൂട്ടക്കുഴിമാടത്തിൽ പരിശോധന നടത്തുന്നത്. മൊസൂളിന് സമീപത്തെ അൽ ഖഫ്സയിലാണ് പരിശോധന നടത്തുന്നത്, ഓഗസ്റ്റ് 9നാണ് കൂട്ടക്കുഴിമാടം പരിശോധന ആരംഭിച്ചതെന്നാണ് പരിശോധനാ സംഘത്തിന്റെ തലവൻ അഹമ്മദ് ഖാസി അൽ അസാദി ദി അസോസിയേറ്റ‍ഡ് പ്രസിനോട് വിശദമാക്കുന്നത്. പ്രാഥമിക പരിശോധനയിൽ പ്രത്യക്ഷമായി കാണുന്ന മനുഷ്യ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാകും ശേഖരിക്കുകയെന്നാണ് പരിശോധനാ സംഘം വിശദമാക്കുന്നത്. വലിയ രീതിയിലുള്ള ഖനനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും ഖനനത്തിന് നേതൃത്വം നൽകുന്ന സംഘം വിശദമാക്കുന്നത്. 15 ദിവസത്തെ കൂട്ടക്കുഴിമാട പരിശോധനയിൽ മനുഷ്യരുടെ മൃതദേഹ സാംപിളുകൾ കണ്ടെത്തിയതിന് പിന്നാലെ കാണാതായ ആളുകളുടെ ഉറ്റവരിൽ നിന്ന് ഡിഎൻഎ സാംപിളുകളും ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഖഫ്സയിലെ കൂട്ടക്കുഴിമാടം ഏറെ സങ്കീർണമാണെന്നാണ് അഹമ്മദ് ഖാസി അൽ അസാദി നിരീക്ഷിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഇവിടെ മറവ് ചെയ്തതായാണ് സംശയിക്കുന്നത്.

1990കളുടെ ആരംഭ കാലം മുതലുള്ള കൂട്ടക്കുഴിമാടങ്ങൾ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ പാതി വലുപ്പം മാത്രമുള്ള മേഖലയിലെ ഐഎസ് ഭരണകാലം ക്രൂരതയുടെ പേരിൽ കുപ്രസിദ്ധമായിരുന്നു. യസീദി വിഭാഗത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തും നിരവധി ആളുകളെ തലയറുത്തുമായിരുന്നു മേഖലയിലെ ഐഎസ് ഭരണം. 2017ലാണ് ഐഎസ് ഭീകരരെ ഇറാഖ് പരാജയപ്പെടുത്തിയാണ് മൊസൂളിലെ വടക്കൻ മേഖല പിടിച്ചെടുത്തത്. ആധുനിക ഇറാഖ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം ആകും ഖഫ്സയിലേത് എന്നാണ് അഭിഭാഷകനും വ‍ർഷങ്ങളായി നിനവേയിൽ കാണാതായവർക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന റാബാ നൂറി അട്ടിയാ വിലയിരുത്തുന്നത്.

എന്നാൽ ഇതാണോ ഏറ്റവും വലിയ കൂട്ടക്കുഴിമാടമെന്ന് അഹമ്മദ് ഖാസി അൽ അസാദി സ്ഥിരീകരിച്ചിട്ടില്ല. യസീദി വിഭാഗത്തിലുള്ളവരും ഐഎസ് ഭീകരർ വധിച്ച ഇറാഖി സൈനികർ, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ, പൗരൻമാർ ഉൾപ്പെടെയുള്ളവരുടെ കുഴിമാടമാണ് ഖഫ്സയിലേതെന്നാണ് റാബാ നൂറി അട്ടിയാ വിലയിരുത്തുന്നത്.

150 മീറ്റർ ആഴവും 110 മീറ്റർ വീതിയുമാണ് കുഴിമാടത്തിനുള്ളത്. 2016 ൽ മാത്രം, ഖസ്ഫയിൽ ഒറ്റ ദിവസം കൊണ്ട് 280 പേരെ ഐഎസ് ഭീകരർ കൊലപ്പെടുത്തി മറവ് ചെയ്തന്നാണ് പുറത്ത് വന്ന വിവരങ്ങൾ. ഇറാഖിലുടനീളം ഐഎസ് ഭീകരർ 200 ലധികം കൂട്ടക്കുഴിമാടങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതിൽ ആകെ 12000 ഓളം മൃതദേഹങ്ങൾ ഉണ്ടാകാമെന്നും അധികൃതർ നിരീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം