പല സ്ഥലങ്ങളിലും ആളുകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവർക്ക് വെള്ളമോ, വെട്ടമോ, ഭക്ഷണമോ കൃത്യമായ ചികിത്സയോ കിട്ടിയില്ല. അവർക്ക് നീതി കിട്ടിയില്ല. അവിടെ ആയുധങ്ങളുമായി നിന്ന മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറയുകയുണ്ടായി. 

ഇസിയം ന​ഗരത്തിന് പുറത്ത് നൂറുകണക്കിന് ശവക്കുഴികൾ കണ്ടെത്തിയതായി യുക്രൈൻ. റഷ്യയിൽ നിന്നും പ്രദേശം പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ കുഴിമാടങ്ങൾ കണ്ടെത്തിയത്. ന​ഗരത്തിന് പുറത്തുള്ള ഒരു വനത്തിലാണ് യുക്രൈൻ സൈന്യം ഇത് കണ്ടെത്തിയത്. മരക്കുരിശ് വച്ച്, അക്കങ്ങൾ അടയാളപ്പെടുത്തിയ നിലയിലായിരുന്നു അവ. 

ശവക്കുഴികൾ വെള്ളിയാഴ്ച മുതൽ പുറത്തെടുക്കാൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. മരിച്ചവർക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പക്ഷേ, ഇവർ ഷെല്ലിം​ഗിൽ മരിച്ചവരോ കൃത്യമായ ചികിത്സ കിട്ടാത്തതുകൊണ്ട് മരിച്ചവരോ ആയിരിക്കും എന്നാണ് കരുതുന്നത്. 

ഭൂരിഭാഗം മൃതദേഹങ്ങളും സാധാരണക്കാരുടേതാണെന്ന് കരുതുന്നതായി യുക്രെയ്‌നിന്റെ ദേശീയ പൊലീസ് സർവീസ് മേധാവി വെള്ളിയാഴ്ച പറഞ്ഞു. സൈനികരെയും അവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇഹോർ ക്ലിമെൻകോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

നേരത്തെ യുക്രൈൻ അധികൃതർ അവിടെ 400 മൃതദേഹങ്ങളെങ്കിലും അടക്കം ചെയ്ത് കാണണം എന്ന് ബിബിസിയോട് പറഞ്ഞിരുന്നു. ഇതുപോലെ പല സ്ഥലങ്ങളിലും വലിയ തരത്തിൽ കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ മുതിർന്ന ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറയുകയുണ്ടായി. 

പല സ്ഥലങ്ങളിലും ആളുകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവർക്ക് വെള്ളമോ, വെട്ടമോ, ഭക്ഷണമോ കൃത്യമായ ചികിത്സയോ കിട്ടിയില്ല. അവർക്ക് നീതി കിട്ടിയില്ല. അവിടെ ആയുധങ്ങളുമായി നിന്ന മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറയുകയുണ്ടായി. 

യുഎൻ പറയുന്നത് വരും ദിവസങ്ങളിൽ ഒരു പരിശോധനാ സംഘം യുക്രൈൻ സന്ദർശിച്ച് സംഭവങ്ങൾ വിശകലനം ചെയ്യും എന്നാണ്. യുഎൻ‌ ഹ്യുമൻ റൈറ്റ്സ് ഓഫീസിൽ നിന്നുള്ളവർ പറയുന്നത് എങ്ങനെയാണ് ഇവർ മരിച്ചത്, മരിച്ചത് സാധാരണ ജനങ്ങളാണോ സൈനികരാണോ എന്നതെല്ലാം മനസിലാക്കാൻ ശ്രമിക്കും എന്നാണ്. 

ഇസിയത്തിൽ എന്താണ് നടന്നതെന്ന് കണ്ടെത്തും. യുക്രൈനിൽ റഷ്യൻ സൈന്യം ചെയ്തത് എന്താണ് എന്ന് ലോകം അറിയണം എന്ന് യുക്രൈൻ പ്രസിഡണ്ട് സെലെൻസ്കിയും പറഞ്ഞു.