അമേരിക്കയെ നടുക്കി വെടിവയ്പ്പ്: 22 പേർ കൊല്ലപ്പെട്ടു, അക്രമിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം

വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് അക്രമി. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കൊലയാളി ആയുധവുമായി പുറത്ത് തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി.
റോബര്‍ട്ട് കാര്‍ഡ് എന്ന 40 വയസ്സുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് പ്രതി. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. പ്രതിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമികളെ പിടികൂടാത്തതിനാല്‍ വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം. പ്രതികളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്.