നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പർവതാരോഹകരും ഗൈഡുകളുമുൾപ്പെടെ 10 പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്ന് പ്രദേശത്ത് ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ സാധിക്കാത്തതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
മനാങ്: നേപ്പാളിലെ മനാങ് ജില്ലയിലുള്ള 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാൽ കൊടുമുടിയുടെ ബേസ് ക്യാമ്പിൽ ഉണ്ടായ കനത്ത മഞ്ഞു 10 പേരെ കാണാതായി. പർവതാരോഹകരും അവരെ സഹായിക്കുന്ന ഗൈഡുകളുൾപ്പെടെ ജീവനക്കാരുമാണ് അപകടത്തിൽ പെട്ടതെന്ന് ഹിമാലയൻ എക്സ്പെഡിഷൻ സംഘാടകർ സ്ഥിരീകരിച്ചു. ദിവസങ്ങളായി പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പിന്മാറിയിരുന്നെങ്കിലും, കുറച്ചുപേർ ക്യാമ്പുകളിൽ തന്നെ തുടരുകയായിരുന്നു. ഇവരാണ് അപ്രതീക്ഷിതമായി കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണപ്പോൾ മഞ്ഞിനടിയിലായത്. ഇവർ തങ്ങിയിരുന്ന ബേസ് ക്യാമ്പിലെ ടെന്റുകൾക്ക് മേലെയാണ് മഞ്ഞിടിഞ്ഞുവീണത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനോ തിരച്ചിൽ ഊർജ്ജിതമാക്കാനോ സാധിക്കുന്നില്ലെന്നാണ് വിവരം. നേപ്പാൾ ടൂറിസം വകുപ്പും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കാണാതായവർക്കായി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തിരച്ചിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം നേപ്പാളിലെ ഹിമാലയൻ മേഖലകളിൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. സാഹസിക വിനോദസഞ്ചാരികളും പർവതാരോഹകരും താൽക്കാലികമായി യാത്രകൾ നിർത്തിവെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു.


