ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല

ടെഹ്റാൻ: രാജ്യത്തെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ നടുങ്ങി ഇറാൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഫോടനത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായതായി ഇറാൻ അറിയിച്ചു. 562 പേർ പരിക്കുകളോടെ ആശുപത്രിയിൽ എന്നും ഇറാൻ വ്യക്തമാക്കി. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. സ്ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.

സ്ഫോടനത്തിന് പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരുക്കേറ്റവരുടെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായതായാണ് വിവരം. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മധ്യസ്ഥം വഹിക്കാൻ തയ്യാറെന്ന് ഇറാൻ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ, പിന്തുണ അറിയിച്ച് യുഎസ്

വിശദ വിവരങ്ങൾ ഇങ്ങനെ

അത്യുഗ്ര സ്ഫോടനത്തിൽ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായിത് കനത്ത നാശമാണ്. അക്ഷരാർത്ഥത്തിൽ കണ്ണീർ കാഴ്ചയാണ് തുറമുഖത്ത് എങ്ങും ദൃശ്യമാകുന്നത്. ഇറാനെ നടുക്കിയ സ്ഫോടനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. 4 മനുഷ്യ ജീവൻ സ്ഫോടനം കവർന്നെടുത്തുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അഞ്ഞൂറ്റി അമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. പൊട്ടിത്തെറിക്ക് കാരണം രാസവസ്തുകൾ കയറ്റിയ കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ ഇറാൻ പ്രസിഡന്‍റ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖത്ത്‌ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് അപകടമെന്നാണ് വിലയിരുത്തലുകളെല്ലാം. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്ത്‌ വൻ തീപിടിത്തമുണ്ടായതാണ് അപകടത്തിന്‍റെ തോത് വർധിപ്പിച്ചത്. അട്ടിമറി സാധ്യതകൾ സംബന്ധിച്ച്‌ ഇറാൻ സൂചന നൽകിയിട്ടില്ല. ഇറാൻ ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെന്ന നിഗമനം ശരിവയ്ക്കുന്നതാണ് ഇതുവരെയും പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം