ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ സർക്കാരിന്റെ ഈ നടപടി.
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രവർത്തകർ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് ഭരണഘടനാ അനുച്ഛേദങ്ങൾ പ്രകാരമാണ് ഈ നടപടി. ഇത് വഴി ഫെഡറൽ സർക്കാരിന് പ്രവിശ്യയിൽ വിപുലമായ ഭരണപരമായ അധികാരങ്ങൾ ലഭിക്കുന്നു.
നിയമസമാധാന നില വഷളാകുന്നുവെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പ്രവിശ്യാ സർക്കാർ ബോധപൂർവ്വം ഉദാസീനത കാണിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ ഉത്തരവിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി ഒപ്പുവെച്ചത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) ശക്തമായ സ്വാധീനമുള്ള മേഖലയാണ് ഖൈബർ പഖ്തൂൺഖ്വ. പുതിയ അടിയന്തരാവസ്ഥ നടപടികളോടെ പി.ടി.ഐ. നയിക്കുന്ന പ്രവിശ്യാ സർക്കാർ ഭരണപരമായ ചുമതലകളിൽ നിന്നും മാറ്റിനിർത്തപ്പെടും.
പിടിഐയുടെ ശക്തമായ പ്രതിഷേധം
തീരുമാനത്തെ അതിശക്തമായി എതിർത്തുകൊണ്ട് പി.ടി.ഐ. ചെയർമാൻ ഗോഹർ അലി ഖാൻ രംഗത്തെത്തി. ഇതൊരു ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ജനങ്ങൾ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലും മറ്റ് നഗരങ്ങളിലും സുരക്ഷ ശക്തമാക്കുകയും റോഡുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക മാന്ദ്യവും ഉയർന്ന വിലക്കയറ്റവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. 2023 ആഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് അഴിമതി, രാജ്യദ്രോഹം തുടങ്ങി നിരവധി ആരോപണങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അതിർത്തി കടന്നുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നേരിടുന്നുണ്ട്.


