കഴിഞ്ഞ ദിവസങ്ങളിലാണ് ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി പാക്-അഫ്ഗാൻ സോഷ്യൽമീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്.
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് പിടിഐ സെനറ്റർ ഖുറം സീഷൻ രംഗത്ത്. മുൻ പ്രധാനമന്ത്രി ജീവിച്ചിരിപ്പുണ്ടെന്നും നിലവിൽ അഡിയാല ജയിലിലാണെന്നും സീഷൻ പറഞ്ഞു. പാകിസ്ഥാൻ വിടാനുള്ള സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമായാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഭരണകൂടം ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിടാൻ അവർ അനുവദിക്കാത്തതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി പാക്-അഫ്ഗാൻ സോഷ്യൽമീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്. കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ഒരു മാസമായി ഇമ്രാന്റെ സഹോദരിമാരെ കാണാൻ പാകിസ്ഥാൻ അധികൃതർ അനുവദിക്കാത്തതോടെയാണ് കിംവദന്തികൾ പ്രചരിച്ചത്.
സംഭവം വളരെ നിർഭാഗ്യകരമാണ്. അദ്ദേഹം ഒറ്റപ്പെട്ടിട്ട് ഏകദേശം ഒരു മാസമായി കഴിയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭിഭാഷകർക്കും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിന്റെ മുതിർന്ന നേതൃത്വത്തിനും പോലും അദ്ദേഹത്തെ കാണാൻ അനുവാദമില്ല. ഇത് പൂർണ്ണമായ മനുഷ്യാവകാശ ലംഘനമാണ്. അവർ അദ്ദേഹത്തെ എന്തോ നിർബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുകയാണെന്ന് തോന്നുന്നുവെന്നും സീഷൻ പറഞ്ഞു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്നതിൽ തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇമ്രാൻ ഖാനുമായി ഒരു കരാറിൽ ഏർപ്പെടാൻ അവർ ശ്രമിക്കുകയാണ്. രാജ്യം വിടാൻ ഭരണകൂടം ആവശ്യപ്പെടുന്നു. വിദേശത്തേക്ക് പോയി മൗനം പാലിച്ചാൽ അവർ അദ്ദേഹത്തിന് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇമ്രാൻ ഖാൻ ഒരിക്കലും അതിന് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
