റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്ന് ട്രംപ്. ഒരാഴ്ചയിൽ മൂന്നാം തവണയാണ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ മോദി ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
വാഷിങ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യ വൻ തീരുവ നൽകുന്നത് തുടരേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതേസമയം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്നും ട്രംപ് പറയുന്നു. ഒരാഴ്ചയിൽ മൂന്നാം തവണയാണ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്‍റ് ട്രംപുമായി ഫോണിൽ സംസാരിച്ചിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിലുള്ള തീരുവ ഏർപ്പെടുത്തുന്നത് തുടരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്‌നെതിരായ യുദ്ധത്തെ സഹായിക്കുകയാണ് എന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് അമേരിക്ക ഇതിനോടകം 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ക്രൂഡ് ഓയിൽ വ്യാപാര കരാർ അവസാനിപ്പിച്ചില്ലെങ്കിൽ തീരുവ തുടരും എന്നാണ് ട്രംപിന്‍റെ ഭീഷണി.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ പകുതിയായി കുറച്ചുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ റിഫൈനറികൾ നവംബറിലേക്കുള്ള ഓർഡർ ഇതിനകം നൽകിയിട്ടുണ്ട്. ഡിസംബറോടെ എത്തിയേക്കും. അതിനാൽ, എന്തെങ്കിലും കുറവുണ്ടോയെന്ന് ഡിസംബറിലോ ജനുവരിയിലോ ഉള്ള ഇറക്കുമതി കണക്കുകളിൽ നിന്ന് വ്യക്തമാകും.
യുക്രെയ്ന്‍റെ ഡ്രോണുകൾ റഷ്യൻ റിഫൈനറികളെ ആക്രമിച്ചതിനെത്തുടർന്ന് റഷ്യ എണ്ണ കയറ്റുമതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ മാസം ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഏകദേശം 20 ശതമാനം വർധിപ്പിച്ച് പ്രതിദിനം 1.9 ദശലക്ഷം ബാരലായി ഉയരുമെന്നാണ് കമ്മോഡിറ്റീസ് ഡാറ്റാ സ്ഥാപനമായ കെപ്ലറുടെ റിപ്പോർട്ട്.


