പോർച്ചുഗൽ തീരത്ത് ഞായറാഴ്ച കടലിൽ നിന്ന് വൻ തിരമാല കണക്കെ ഒരു ഭീമാകാരമായ 'റോൾ ക്ലൗഡ്' ആഞ്ഞടിച്ചു. 

ലിസ്ബൺ: പോർച്ചുഗൽ തീരത്ത് ഞായറാഴ്ച കടലിൽ നിന്ന് വൻ തിരമാല കണക്കെ ഒരു ഭീമാകാരമായ 'റോൾ ക്ലൗഡ്' (Roll Cloud) ആഞ്ഞടിച്ചത് കാഴ്ചക്കാരെ അമ്പരപ്പിച്ചു. അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന് തീരത്തേക്ക് പാഞ്ഞടുത്ത ഈ മേഘരൂപം നൂറുകണക്കിന് ആളുകളെ ഞെട്ടിച്ചു. കണ്ടാൽ ഒരു ഭീമാകാരമായ തിരമാല തീരത്തേക്ക് വരുന്നതുപോലെ തോന്നിക്കുന്ന ഈ മേഘരൂപം കണ്ടാൽ ആരും ഭയന്നുപോകും. പിന്നെ സൺബാത്ത് ചെയ്യുകയായിരു്നന സഞ്ചാരികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. സംഭവം സിമ്പിളാണെങ്കിലും, കണ്ടാൽ ഹാര്‍ട്ട് അറ്റാക്ക് വരാൻ ഇതുമതി എന്നൊക്കെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആളുകൾ കുറിക്കുന്നത്.

ട്യൂബ് ആകൃതിയിലുള്ള ഈ വിചിത്ര മേഘത്തോടൊപ്പം അതിശക്തമായ കാറ്റുമെത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. 'വോൾക്കഹോളിക്' എന്ന എക്സ് അക്കൗണ്ടാണ് ഈ റോൾ ക്ലൗഡിൻ്റെ വീഡിയോ പങ്കുവെച്ചത്, ഇത് അതിവേഗം ഓൺലൈനിൽ വൈറലായി. യൂറോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, പോർച്ചുഗലിലും പടിഞ്ഞാറൻ യൂറോപ്പിലും അതിതീവ്രമായ ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെയാണ് ഈ റോൾ ക്ലൗഡ് പ്രത്യക്ഷപ്പെട്ടത്.

റോൾ ക്ലൗഡുകൾ താരതമ്യേന അപൂർവ കാഴ്ചയാണ്. ഉഷ്ണവും വരണ്ടതുമായ കാറ്റ് തണുത്ത കടൽക്കാറ്റുമായി കൂട്ടിമുട്ടുമ്പോളാണ് ഇവ രൂപപ്പെടുന്നത്. ഇത് ആകാശത്തുകൂടി ഉരുണ്ടു നീങ്ങുന്നതായി തോന്നിക്കുന്ന സിലിണ്ടർ ആകൃതിയിലുള്ളതുമായ മേഘത്തെ സൃഷ്ടിക്കുന്നു. സുനാമിക്ക് സമാനമായി തോന്നിക്കുന്ന രൂപം പലപ്പോഴും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇത് ഭൂകമ്പവുമായോ സുനാമിയുമായോ ബന്ധപ്പെട്ടതല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Scroll to load tweet…