വാഷിം​ഗ്ടൺ: ഈ ആഴ്ച അവസാനം ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാൻ സാധ്യതയുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കിമ്മിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അറിയാമെന്നും എന്നാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നുമുള്ള പ്രസ്താവനയുമായി ട്രംപ് രം​ഗത്തെത്തിയിരുന്നു. കിമ്മിന്റെ ആരോ​ഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവനകൾ. കിം ജോങ് ഉൻ എവിടെയെന്ന ചോദ്യങ്ങൾ നിലനിൽക്കെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പൊതുചടങ്ങിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്നും ഉചിതമായ സമയത്ത് മാത്രമേ പറയുകയുള്ളൂ എന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ ട്രംപ് തയ്യാറായില്ല. ചില വിദേശ നേതാക്കളുമായി ഫോൺ സംഭാഷണത്തിനും ​കൂടിക്കാഴ്ചകൾക്കുമായി താൻ ഈ ആഴ്ച ക്യാംപ് ഡേവിഡിലേക്ക് പോകുമെന്നും ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച പ്യോം​ഗ് യാം​ഗിലെ ഫെർട്ടിലൈസർ ഫാക്ടറിയുടെ ഉദ്ഘാടനത്തിനായി കിം എത്തിയെന്ന് കൊറിയൻ മാധ്യമം വാർത്ത പുറത്തുവിട്ടിരുന്നു. ഏകദേശം മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് കിം പൊതുവേദിയിൽ എത്തി എന്ന വാർത്ത പുറത്തു വരുന്നത്.