ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ 50% വരെ ഇറക്കുമതി തീരുവ ചുമത്തി. ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇന്ത്യയുടെ കാർ കയറ്റുമതിയെ കാര്യമായി ബാധിക്കും. 

ദില്ലി: അമേരിക്കക്ക് പിന്നാലെ, ഇന്ത്യക്ക് മേൽ 50 ശതമാനം നികുതി ചുമത്തി മെക്സിക്കോ. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ അംഗീകാരം നൽകി. ആഭ്യന്തര വ്യവസായത്തെയും ഉൽപ്പാദകരെയും സംരക്ഷിക്കുന്നതിനായാണ് മറ്റ് രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നത്. താരിഫുകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സൽ റിപ്പോർട്ട് പ്രകാരം, ഓട്ടോ പാർട്സ്, ലൈറ്റ് കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡ്, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.

ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ മെക്സിക്കൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് മിക്ക ഏഷ്യൻ രാജ്യങ്ങൾക്കും കനത്ത നികുതി ചുമത്തിയത്. അതേസമയം, മെക്സിക്കൻ സർക്കാറിന്റെ നടപടിയെ ചൈന എതിർത്തു. എല്ലാ രൂപത്തിലുമുള്ള ഏകപക്ഷീയമായ താരിഫ് വർദ്ധനവിനെ എപ്പോഴും എതിർക്കുന്നുവെന്ന് ചൈന വ്യാഴാഴ്ച പറഞ്ഞു. കൂടാതെ ഏകപക്ഷീയമായ തെറ്റായ രീതികൾ എത്രയും വേഗം തിരുത്തണമെന്നും ചൈന ആവശ്യപ്പെട്ടു. 2024-ൽ മെക്സിക്കോ 130 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തത്. നിർദ്ദിഷ്ട താരിഫുകൾ 3.8 ബില്യൺ യുഎസ് ഡോളർ (ഏകദേശം 33,910 കോടി രൂപ) അധിക വരുമാനം സൃഷ്ടിക്കുമെന്ന് മെക്സിക്കോ പ്രതീക്ഷിക്കുന്നു.

രാജ്യത്തെ വ്യവസായത്തിന് കൂടുതൽ സംരക്ഷണം നൽകാനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. എന്നാൽ യുഎസ്-മെക്സിക്കോ-കാനഡ അവലോകനത്തിന് മുന്നോടിയായി യുഎസിനെ പ്രീതിപ്പെടുത്തുന്നതിനാണ് താരിഫുകൾ വർധിപ്പിച്ചതെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടു. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, മെക്സിക്കൻ താരിഫ് ഇന്ത്യയിലെ പ്രധാന കാർ കയറ്റുമതിക്കാരായ ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായ്, നിസ്സാൻ, മാരുതി സുസുക്കി എന്നിവയിൽ നിന്നുള്ള 1 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയെ ബാധിക്കും. കാറുകളുടെ ഇറക്കുമതി തീരുവ 20% ൽ നിന്ന് 50% ആയി ഉയരും. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കാർ കയറ്റുമതി വിപണിയാണ് മെക്സിക്കോ.