എറണാകുളത്ത് ജനിച്ച നിക്സൺ സേവ്യർ അമേരിക്കയിൽ വിജയകരമായ ഐടി സംരംഭകനായി മാറുകയായിരുന്നു. 55-ാം വയസ്സിൽ സൈക്ലിംഗ് ആരംഭിച്ച അദ്ദേഹം 30,000 കിലോമീറ്ററിലധികം പിന്നിട്ട് തന്റെ അനുഭവങ്ങൾ പുസ്തകമാക്കുകയും ചെയ്തു.
എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള ചേരാനല്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചുവളർന്ന്, കോഴിക്കോട് റീജിയണൽ എൻജിനീയറിംഗ് കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി അമേരിക്കയിലെത്തി വിജയകരമായ കരിയറും ബിസിനസും കെട്ടിപ്പടുത്ത മലയാളിയാണ് നിക്സൺ സേവ്യർ. നൈക്കി, ടിസിഎസ്, വിപ്രോ തുടങ്ങിയ ആഗോള കമ്പനികളിൽ സാങ്കേതിക നേതൃത്വപദവികൾ വഹിച്ച നിക്സൺ ഇന്ന് ടെക്സസിലെ ഓസ്റ്റിൻ ആസ്ഥാനമായുള്ള സിവ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമാണ്. 2019-ൽ ഇന്നൊവേറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഈ ടെക്നോളജി സംരംഭകന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവുണ്ടായത് അമ്പത്തഞ്ചാം വയസ്സിലാണ്. ശാരീരികക്ഷമത മെച്ചപ്പെടുത്താൻ തുടങ്ങിയ സൈക്ലിംഗ് പിന്നീട് വലിയൊരു അഭിനിവേശമായി മാറി.
കഴിഞ്ഞ മൂന്നര വർഷത്തിനിടെ അമേരിക്കയിലെയും കേരളത്തിലെയും റോഡുകളിലൂടെ 30,000 കിലോമീറ്ററിലധികം സൈക്കിളിൽ സഞ്ചരിച്ച നിക്സൺ, നൂറുമൈൽ ദൈർഘ്യമുള്ള നിരവധി റൈഡുകൾ പൂർത്തിയാക്കി മൂന്ന് ഡസനിലധികം മെഡലുകളും സ്വന്തമാക്കി. തന്റെ അനുഭവങ്ങൾ കോർത്തിണക്കി വൺ പെഡൽ അറ്റ് എ ടൈം: എ സൈക്ലിസ്റ്റ്സ് ലൈഫ് സ്റ്റോറി എന്ന പുസ്തകവും രചിച്ചു. സൈക്ലിംഗ് ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും പ്രായം പുതിയ തുടക്കങ്ങൾക്ക് തടസ്സമല്ലെന്നും സ്വന്തം അനുഭവങ്ങളിലൂടെ പറയുന്ന നിക്സൺ സേവ്യർ, ഡാലസിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഡോ. കൃഷ്ണകിഷോറുമായി സംസാരിക്കുന്നു















