യുഎസ്- ഇസ്രായേൽ- ഇറാൻ സംഘർഷം ഒരു മാസം നീണ്ടുനിന്നാൽ ഇന്ത്യയുടെ 400 കോടി ഡോളറിന്റെ കയറ്റുമതി തടസ്സപ്പെടുമെന്ന് റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ തുടങ്ങിയ പ്രധാന വിപണികളിലേക്കുള്ള വ്യാപാരത്തെ ഇത് സാരമായി ബാധിക്കും. ബസുമതി അരി, രത്‌നങ്ങൾ, വാഹനങ്ങൾ തുടങ്ങിയ മേഖലകൾ കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ കയറ്റുമതിക്കാർ മറ്റ് വിപണികൾ തേടുകയാണ്.

യുഎസ്- ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം ഒരു മാസം നീണ്ടുനിന്നാല്‍ ഇന്ത്യയുടെ 400 കോടി ഡോളറിന്റെ (ഏകദേശം 33,000 കോടി രൂപ) കയറ്റുമതി തടസപ്പെടുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്. 15 ദിവസം നീണ്ടാല്‍പ്പോലും 200 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. ഇന്ത്യ പ്രതിമാസം 5-6 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് പശ്ചിമേഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

പ്രധാന വിപണിയായി യുഎഇയും സൗദിയും

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം 120 ബില്യണ്‍ ഡോളറില്‍ നിന്ന് 180 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നിരുന്നു. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വഴി മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ ആക്‌സസ് ലഭിച്ചത് ഇതിനൊരു പ്രധാന കാരണമായിരുന്നു. പ്രതിവര്‍ഷം 120- 125 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമ്പോള്‍, 60- 65 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നത് (65 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി).

ഇതില്‍ 85-90 ബില്യണ്‍ ഡോളറിന്റെ വ്യാപാരവുമായി യുഎഇ ആണ് മുന്നില്‍ (ഇന്ത്യന്‍ കയറ്റുമതി 36-37 ബില്യണ്‍ ഡോളര്‍). ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന ഇടത്താവളമായും യുഎഇ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി അറേബ്യയുമായി 40-42 ബില്യണ്‍ ഡോളറിന്റെ വ്യാപാരവുമുണ്ട്. ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ്.

ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലകൾ:

ഗള്‍ഫിലെ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യവും സമാനമായ ഭക്ഷണരീതികളും കാരണം ഇന്ത്യയുടെ കാര്‍ഷിക-ഭക്ഷ്യോല്‍പ്പന്നങ്ങളെ ഗള്‍ഫ് വിപണി വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. പ്രതിസന്ധി ഇന്ത്യയുടെ ചില പ്രത്യേക കയറ്റുമതികളെ സാരമായി ബാധിക്കും:

ബസുമതി അരി: ഇന്ത്യയുടെ മൊത്തം ബസുമതി കയറ്റുമതിയുടെ 80 ശതമാനവും ഗള്‍ഫിലേക്കാണ്.

രത്‌നങ്ങളും ആഭരണങ്ങളും: കയറ്റുമതിയുടെ 30 ശതമാനവും ഈ മേഖലയിലേക്കാണ്.

വാഹനങ്ങള്‍: 25 ശതമാനം വാഹനങ്ങളും പശ്ചിമേഷ്യന്‍ വിപണിയിലേക്കാണ് പോകുന്നത്.

പച്ചക്കറികള്‍, പഴങ്ങള്‍, മാംസം തുടങ്ങിയ പെട്ടെന്ന് കേടാകുന്ന സാധനങ്ങളുടെ കയറ്റുമതിക്കാരെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത്. തുറമുഖങ്ങളില്‍ കപ്പല്‍ കാത്ത് കിടക്കുന്ന കണ്ടെയ്‌നറുകള്‍ക്ക് പ്ലഗ്-ഇന്‍ ചാര്‍ജും സര്‍ചാര്‍ജുമായി ഏകദേശം 4,000 ഡോളര്‍ വരെ അധികം നല്‍കേണ്ടി വരുന്നുണ്ട്. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വ്യോമമാര്‍ഗമുള്ള ചരക്കുകൂലി 100 ശതമാനത്തിലധികമാണ് കുതിച്ചുയര്‍ന്നത്.

പകരം വിപണി തേടി വ്യാപാരികള്‍

ഗള്‍ഫിലേക്കുള്ള കടല്‍പാതകള്‍ അടഞ്ഞതോടെ മറ്റ് വിപണികള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കയറ്റുമതിക്കാര്‍. ബസുമതി അരി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും (കെനിയ, ടാന്‍സാനിയ, ബെനിന്‍), മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും അയക്കാന്‍ ശ്രമിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ അമേരിക്ക, യുകെ, ജര്‍മ്മനി, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടാന്‍ സാധിക്കും. കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്കും ബ്രസീലിലേക്കും മാറ്റാം. എന്നാല്‍, സ്വര്‍ണ്ണം-രത്‌ന വ്യാപാരികള്‍ക്ക് ദുബായ്ക്ക് പകരം മറ്റൊരു ആഗോള വിപണി കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.