പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ചാവേറാക്രമണം. സ്വാത് ജില്ലയിലുള്ള കബാൽ പൊലീസ് സ്റ്റേഷന് പുറത്താണ് ആക്രമണം ഉണ്ടായത്. 13 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഭീകരതയ്ക്കെതിരെ സമാധാന റാലി നടക്കുന്നതിനിടെ ഉണ്ടായ ചാവേറാക്രമണത്തിൽ നിരവധി മരണം. പൊലീസ് ഉദ്യോഗസ്ഥരടക്കം 14 ഓളം പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന സ്വാത് ജില്ലയിലുള്ള കബാൽ പൊലീസ് സ്റ്റേഷന് പുറത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച സ്വാത് താഴ്‍വരയിലെ കബാൽ ടൗണിന് സമീപമുള്ള പൊലീസ് സ്റ്റേഷന് സമീപം നൂറുണകണക്കിന് ആളുകൾ പ്രതിഷേധിക്കുമ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. താഴ്‍വരയിൽ ഭീകരപ്രവ‍ർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഭീകരവിരുദ്ധ മുദ്രാവാക്യം മുഴക്കി, സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഒമ‍ർ ഖാൻ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അഞ്ചോളം പൊലീസ് ഉദ്യോ​ഗസ്ഥരും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

പൊലീസ് ഉദ്യോ​ഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. സ്ഫോനടത്തിൽ പരിക്കേറ്റവരെ സെയ്ദു ഷരീഫ് ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനി താലിബാനാണന്ന സംശയമുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം നേർന്ന മന്ത്രി പരിക്കേറ്റവ‍ർ വേ​ഗം ആരോ​ഗ്യം വീണ്ടെടുക്കാൻ പ്രാ‍ർത്ഥിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.